Sports

രണ്ടാം ടി20 ഇന്ന് പരമ്പര നേടാൻ ഇന്ത്യ, ഓപ്പണിങ് സഞ്ജു തുടർന്നേക്കും

ബംഗ്ലാദേശിനെതിരായ രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ഡല്‍ഹി അരുണ്‍ ജെയ്റ്റ് ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.

ഇന്നു വിജയിച്ചാല്‍ ടെസ്റ്റ് പരമ്ബരയ്ക്ക് പിന്നാലെ ടി 20 പരമ്ബരയും ഇന്ത്യയ്ക്ക് നേടാനാകും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു.

ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ കൂട്ടുകെട്ട് തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സുമായി നന്നായിത്തുടങ്ങിയ സഞ്ജു, അനാവശ്യ ഷോട്ടിനു ശ്രമിച്ച്‌ വിക്കറ്റ് കളയുകയായിരുന്നു. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജു മികച്ച ഇന്നിങ്‌സ് പുറത്തെടുക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായ അഭിഷേക് ശര്‍മ്മയ്ക്കും മികച്ച സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്.

ആദ്യമത്സരത്തില്‍ നാലം നമ്ബറില്‍ ഇറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി (15 പന്തില്‍ 16 റണ്‍) ഒഴികെ മറ്റു ബാറ്റര്‍മാരെല്ലം 150ന് മുകളില്‍ പ്രഹരശേഷി പുറത്തെടുത്തിരുന്നു. നിതീഷിന് പകരം നാലാം നമ്ബറില്‍ റിയാന്‍ പരാഗിനെയോ, തിലക് വര്‍മയെയോ പരിക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവനിരയുടെ ശക്തി പരീക്ഷിക്കുക എന്നതു കണക്കിലെടുത്ത് മധ്യനിരയില്‍ ജിതേഷ് ശര്‍മ്മയെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയുമാണ് തിളങ്ങിയത്. ഇരുവരും മൂന്നുവീതം വിക്കറ്റ് നേടി. അതിവേഗ പേസര്‍ മായങ്ക് യാദവും ഹര്‍ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ, ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്റും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പേസ് ബൗളര്‍ ഹര്‍ഷിത് റാണെയെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

അതേസമയം ബാറ്റര്‍മാരുടെ മോശം പ്രകടനത്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ അസംതൃപ്തനാണ്. മെഹിദി ഹസന്‍ മിറാസും ഷാന്റോയും മാത്രമാണ് ബംഗ്ലാനിരയില്‍ പിടിച്ചുനിന്നത്. എങ്കിലും ടി 20 യില്‍ പൊരുതാനുറച്ചു തന്നെയാകും ഷാന്റോയും സംഘവും ഇറങ്ങുക. ബൗളിങ്ങില്‍ തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊറിഫുള്‍ ഇസ്‌ലാം എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

About the author

KeralaNews Reporter

Add Comment

Click here to post a comment