Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചില പേജുകൾ ഒഴിവാക്കിയത് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം; സജി ചെറിയാൻ

തിരുവനന്തപുരം: ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചില പേജുകൾ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. വ്യക്തികളുടെ സ്വകാര്യത മാനിക്കണം എന്ന് വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2019-ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും 2024 വരെ അതുപുറത്തുവിടാതിരിക്കാനുള്ള കാരണമെന്തായിരുന്നുവെന്ന എന്‍ ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക സെക്രട്ടറിക്ക് കൈമാറി. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് ആർക്കും കൈമാറരുതെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം എന്നായിരുന്നു ആവശ്യം. പിന്നീട് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടു. എന്നാൽ സ്വകാര്യത മാനിക്കണം എന്ന് വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തു. അതിനുശേഷം ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ചില പേജുകൾ ഒഴിവാക്കി റിപ്പോർട്ട് നൽകിയത്. ഒരു പേജും മറച്ചുവെച്ചിട്ടില്ല. വിവരാവകാശ കമ്മീഷൻ്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നു. ആ നിർദ്ദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളൂ’, മന്ത്രി വ്യക്തമാക്കി.

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചിട്ടുണ്ട്. പരിഹാര സെൽ ഷൂട്ടിഗ് സെറ്റുകളിൽ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്കൊന്നും ഭയപ്പെടാനില്ല. ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിക്കുന്നതിനും സർക്കാരിന് യാതൊരുവിധത്തിലുള്ള എതിർപ്പും ഇല്ലെന്നും സർക്കാർ ഇരയോടൊപ്പമാണെന്നും മന്ത്രി പറഞ്ഞു.