തൃശ്ശൂർ പൂരം കലക്കലില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ സഭയിലും ആവർത്തിച്ച് സിപിഐ. പൂരം കലക്കിയതിനു പിന്നില്‍ വത്സൻ തില്ലങ്കേരിമാരും ആർഎസ്‌എസിന്റെ ഗൂഢ സംഘമുണ്ടെന്ന് സി.പി.ഐ എം.എല്‍.എ പി.ബാലചന്ദ്രനും അഭിപ്രായപ്പെട്ടു.
തൃശ്ശൂർ പൂരംകലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുലർച്ചെ 3.30 മുതല്‍ പൂരം കലക്കാനുള്ള ശ്രമം ഉണ്ടായി. നാമജപ ഘോഷയാത്രയുമായി ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരി തൃശ്ശൂരില്‍ എങ്ങനെയെത്തി? പൂരനഗരിയിലേക്ക് സുരേഷ് ഗോപി വരുന്നതിന് മുൻപ് തന്നെ മന്ത്രി കെ.രാജനും എല്‍.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സുനില്‍കുമാറും എത്തിയിരുന്നു. തുടർന്നാണ് ദേവസ്വങ്ങളുമായി ചർച്ച ചെയ്ത് വെടിക്കെട്ട് നടത്താനുള്ള തീർപ്പിലെത്തി ചേർന്നത്. ഇതുനുശേഷമാണ് നാടകത്തിന്റെ മുഖ്യ ആസൂത്രകനായ സുരേഷ്ഗോപി ഇവിടേക്ക് വരുന്നത്. ശബരിമലയിലേതിന് സമാനമായ ആർഎസ്‌എസ് ഗൂഢാലോചന പൂരത്തിലും നടന്നൂവെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയ വകതിരിവ് പ്രതിപക്ഷത്തിനില്ല. പൂരം കലക്കാൻ അവസരമുണ്ടാക്കി കൊടുത്തത് ആരാണെന്നും കുറ്റവാളികളെ പുറത്തുകൊണ്ടുവരാനും ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ മന്ത്രി കെ. രാജനും ആർ.ബിന്ദുവിനും തൃശ്ശൂർ പുരം നടത്തിപ്പില്‍ ഇടപെടാനുള്ള സൗകര്യം നിഷേധിച്ചതായും ബാലചന്ദ്രൻ പറഞ്ഞു. പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൂരവുമായി ബന്ധപ്പെട്ട കൂടിയാലോചനയില്‍ പങ്കെടുക്കാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ല. ഈ അവസരം ചിലർ മുതലെടുത്തു. മൂവായിരം പോലീസുകാർ നിരന്നുനില്‍ക്കുന്ന, കർശന സുരക്ഷയുള്ള പൂരനഗരിയിലേക്ക് ഒരാള്‍ക്ക് കടക്കണമെങ്കില്‍ ചില ഉപായം വേണം. ഇങ്ങനെയാണ് സേവാഭാരതിയുടെ ആംബുലൻസില്‍ സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
‘തൃശ്ശൂർ പൂരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിരവധി കമ്മ്യൂണിസ്റ്റുകാർ തൃശ്ശൂർ പൂരത്തിന്റെ മുന്നില്‍നിന്ന് നയിച്ചവരാണ്. ചെമ്ബോട്ടില്‍ തറവാട്ടിലേക്ക് വടക്കുംനാഥനില്‍നിന്ന് കിട്ടിയ പടച്ചോറ് പകുത്തുണ്ട് വളർന്നതാണ് തൃശ്ശൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ആ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും തൃശ്ശൂർ പൂരത്തിന്റെ കൂടെ അല്ലാതെ നില്‍ക്കില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അപമാനിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് യുഡിഎഫിന്റെ ശ്രമമെങ്കില്‍ കാലം കരുതിവെച്ചിട്ടുള്ള എല്ലാ കണക്കുതീർപ്പുകള്‍ക്കും നിങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ടിവരും’, അദ്ദേഹം കൂട്ടിച്ചേർത്തു.
Add Comment