Uncategorized

രത്തൻ ടാറ്റ ; ഓർമയായത് വ്യവസായ ലോകത്തെ മാനുഷിക മുഖം

കയ്പ്പേറിയ ജീവിതാനുഭവങ്ങളും പ്രതിസന്ധികളും രത്തൻ ടാറ്റയെന്ന മഹാമനുഷ്യനെ കുലുക്കിയില്ല. അദ്ദേഹം ജീവിതത്തില്‍ ‘ഒരു പക്ഷേ’ രക്ഷപ്പെട്ടേക്കാമെന്ന് പലരും വിധിയെഴുതി.

അദ്ദേഹം വളരുന്നതിനൊപ്പം ഒരു ബ്രാൻഡ് തന്നെ വളരുകയായിരുന്നുവെന്ന് രത്തൻ ടാറ്റയ്‌ക്ക് തെളിയിക്കാൻ വലിയ സമയമൊന്നും വേണ്ടിവന്നിരുന്നില്ലെന്നതാണ് സത്യം.

ഇന്ന് ടാറ്റയുടെ ഒരു ഉത്പന്നമെങ്കിലും ഉപയോഗിക്കാത്തവരില്ല, ദൈനംദിന ജീവിതത്തില്‍ ടാറ്റയുടെ മൈലേജ് അത്രമാത്രമാണ്. ആ പ്രതാപം ഇന്നോ ഇന്നലെയോ കെട്ടിപ്പൊക്കിയതല്ല. രത്തൻ ടാറ്റയെന്ന ക്രാന്തദർശിയുടെ കരങ്ങളാണ് അതിന് പിന്നിലെന്ന് പറയാം. ഇന്ത്യ കേന്ദ്രീകരിച്ചുള്ളൊരു കമ്പനി എന്നതിന് പുറമേ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പേരുകളിലൊന്നായി ഇന്ന് ടാറ്റ അറിയപ്പെടുന്നു.

രത്തൻ ടാറ്റ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ സുവർണകാലം. മുപ്പതോളം ലിസ്റ്റഡ് കമ്പനികൾ, നിരവധി ഉപകമ്പനികൾ. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാർ അങ്ങനെ പടിപടിയായി കുതിപ്പിന്റെ പാതയിലായിരുന്ന ടാറ്റ ഗ്രൂപ്പ് അക്കാലമത്രെയും.

അതിസമ്ബന്നമായ പാഴ്സി കുടുംബത്തിൽ 1937-ലാണ് രത്തൻ ടാറ്റയുടെ ജനനം. എന്നാല്‍ മധുരകരമായ ബാല്യകൗമാര കാലം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മാതാപിതാക്കള്‍ പിരിഞ്ഞതിന് പിന്നാലെ മുത്തശ്ശിയുടെ തണലിലായി രത്തൻ. അമേരിക്കയിലായിരുന്നു ആർക്കിടെക്ച്ചർ പഠനം. ഇതിനിടെ നാല് പ്രണയങ്ങള്‍ അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നാലെ വിവാഹമേ വേണ്ടെന്ന തീരുമാനത്തിലുമെത്തി. അമേരിക്കൻ ജീവിതം മതിയാക്കി അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തി.

1962-ല്‍ കോർണലില്‍ നിന്ന് പഠിച്ച വാസ്തുവിദ്യയുടെ ബലത്തില്‍ ടാറ്റ സ്റ്റീലിൽ പ്രവേശിച്ചു. 1970 വരെ നാഷണല്‍ റേഡിയോ ആൻഡ് ഇലക്‌ട്രോണിക്‌സ് കമ്ബനിയില്‍ വിവിധ വേഷങ്ങളില്‍ അദ്ദേഹം മുഴുകി. പിറ്റേ വർഷം മാനേജ്മെൻ്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്ബനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.

1991-ല്‍ ജെ.ആർ.ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി. ഓരോ ചുവടുവയ്പ്പും കമ്ബനിയുടെ വളർച്ചയുടെ ആക്കം കൂട്ടി. കഴിവ് കൊണ്ട് കമ്ബനിയെ വളർത്താൻ രത്തൻ ടാറ്റയ്‌ക്ക് കഴിഞ്ഞു. മറ്റ് കമ്ബനികള്‍ ഇന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നപ്പോള്‍ ഒരുപടി കൂടി കടന്നു ചിന്തിക്കാനും പ്രവർത്തിക്കാനും രത്തൻ ടാറ്റയ്‌ക്ക് സാധിച്ചു. ടെറ്റ്‌ലി, കോറസ്, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ വിദേശ കമ്ബനികള്‍ ഏറ്റെടുത്തു. അത് കമ്ബനിയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. 1998 ഡിസംബർ 30-ന് ഇന്ത്യയില്‍ നിർമിച്ച ‘ഇൻഡിക്ക’ കാർ പുറത്തിറക്കി. ഇൻഡിക്ക വി2 കാറിലൂടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ചു. 2009-ല്‍ നാനോ കാർ വിപണയിലെത്തിച്ചു.

അംബാസഡറിന്റെ സുഖസൗകര്യങ്ങളും മാരുതിയുടെ മിതവ്യയവും സമന്വയിപ്പിച്ച്‌ ഇന്ത്യയ്‌ക്കായി ഒരു കാർ സൃഷ്‌ടിക്കണമെന്ന് അദ്ദേഹം എക്കാലവും സ്വപ്നം കണ്ടിരുന്നു. അങ്ങനെയാണ് ഇൻഡിക്ക ജനിക്കുന്നത്. ഒരു ലക്ഷം രൂപയ്‌ക്ക് കാറെന്ന സ്വപ്നം നാനോ വഴി പൂവണിയിക്കാനും ടാറ്റയ്‌ക്ക് സാധിച്ചു. മധ്യവർഗങ്ങളുടെ സ്വപ്നങ്ങളുമായി നാനോ കാർ നിരത്തുകള്‍ കീഴടക്കി.

2000-ല്‍ ഗ്രൂപ്പ് ലണ്ടൻ ആസ്ഥാനമായുള്ള ടെറ്റ്‌ലി ടീ ഏറ്റെടുത്തു. 2004-ല്‍ ദക്ഷിണ കൊറിയയിലെ ഡേവൂ മോട്ടോഴ്‌സിന്റെ ട്രക്ക്-നിർമ്മാണ വിഭാഗം ഏറ്റെടുത്തു. 2007-ല്‍ ആംഗ്ലോ-ഡച്ച്‌ സ്റ്റീല്‍ കമ്ബനി കോറസ് ഗ്രൂപ്പിനെ ഏറ്റെടുത്തു. ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകരമായി ടാറ്റ സ്റ്റീലിനെ മാറ്റി. 2012-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചു.

രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വർദ്ധിച്ചു. ലാഭം 50 ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകയിൽ പത്മവിഭൂഷൻ, പത്മഭൂഷൻ അടക്കമുളള പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1991 മുതല്‍ 2012 വരെ ചെയർമാനായിരുന്ന ടാറ്റ 2016-ല്‍ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. ടാറ്റ സണ്‍സ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് എന്നിവയുടെ ചെയർമാൻ എമിരിറ്റസ് പദവികളും അദ്ദേഹം വഹിച്ചു. നിരവധി സ്റ്റാർട്ടപ്പുകള്‍ക്കും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും രത്തൻ ടാറ്റ പിന്തുണ നല്‍കി. ഇന്ത്യൻ വ്യവസായ ചരിത്രത്തില്‍ മായാത്ത അദ്ധ്യായം രചിച്ചാണ് അദ്ദേഹം ഓർമയാകുന്നത്.