Kerala

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍.

ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്ബില്‍ ഷംജാദ് (45) ആണ് കൊല്ലപ്പെട്ടത്. 18-ാം വയസില്‍ ഡ്രൈവറായി തൊഴില്‍ രംഗത്തിറങ്ങിയ ഷംജാദ് വിദേശത്ത് നിന്നും എത്തിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഷംജാദ്.

കഴിഞ്ഞ മാസം 20നാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്തെ ചെറിയ കാനയോട് ചേര്‍ന്ന് തലകുത്തി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെറ്റിയിലും തലയിലും മുറിവുകളുണ്ടായിരുന്നു. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇയാളുടേതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിരുന്നു. സാഹചര്യ തെളിവുകളെല്ലാം കൊലപാതകത്തിലേക്ക് നയിക്കുന്നതായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നാണ് പ്രതിയെ കുറിച്ച്‌ പൊലീസിന് സൂചന ലഭിക്കുന്നത്. അറസ്റ്റിലായ പ്രതിയെ വെസ്റ്റ് പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദ്ദേശ പ്രകാരം തൃശൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണ സംഘം രൂപികരിച്ച്‌ അന്വേഷണം ദ്രുതഗതിയിലാക്കിയിരുന്നു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിക്ക് തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, വരന്തരപ്പിള്ളി, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, പിടിച്ചുപറി എന്നിങ്ങനെയുളള നിരവധി കേസുകള്‍ ഉണ്ട്.

അന്വേഷണ സംഘത്തില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സെസില്‍, ജയനാരായണന്‍, അനൂപ് എന്നിവരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ റൂബിന്‍ ആന്റണി, ടോണി വര്‍ഗീസ്, അലന്‍ ആന്റണി, മുകേഷ്, പ്രീത് എന്നിവരും തൃശൂര്‍ സിറ്റി സ്‌ക്വാഡ് അംഗങ്ങളായ സബ് ഇന്‍സ്പെ്കടര്‍ റാഫി, പഴനി സ്വമി, പ്രദീപ്, സജി ചന്ദ്രന്‍, സിംസന്‍, അരുണ്‍, സബ് ഇന്‍സ്പെക്ടര്‍ രാജീവ് രാമചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു. അതേസമയം കൊലപാതകത്തിന് എന്താണ് കാരണമെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

About the author

KeralaNews Reporter

Add Comment

Click here to post a comment