പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ മത്സരിക്കുമെന്ന് സൂചന. സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും നേരത്തെ ഉയർന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന.മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതായാണ് വിവരം. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ, ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു. അതേസമയം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
മലമ്പുഴയിൽ നിന്നും നിയമസഭയിലേക്കും പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ച് വോട്ടുവിഹിതം കുത്തനെ ഉയർത്തി ബിജെപിയെ ജില്ലയിലെ നിർണായക ശക്തിയാക്കിയ നേതാവാണ് കൃഷ്ണകുമാർ. 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭ കൗൺസിലറായിരുന്നു. 2015–20 കാലഘട്ടത്തിൽ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Add Comment