Kerala

എഡിജിപിക്കും എസ്പിക്കുമെതിരെ തെളിവുകൾ നൽകി അൻവർ

അന്‍വര്‍ എം.എല്‍.എയില്‍നിന്ന് വിജിലന്‍സ് മൊഴി എടുത്തു. തൈക്കാട് ഗെസ്റ്റ് ഹൗസില്‍ നാലുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ എ.ഡി.ജി.പി, എസ്.പി എന്നിവര്‍ക്കെതിരെയുള്ള ഏതാനും തെളിവുകളും അൻവർ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലൻസ് സ്പെഷല്‍ യൂനിറ്റ് -ഒന്ന് ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തില്‍ മൂന്നംഗ ഉദ്യോഗസ്ഥരാണ് അന്‍വറിന്‍റെ മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലെ ആരോപണങ്ങള്‍ സംബന്ധിച്ച്‌ അന്‍വര്‍ വിശദീകരിച്ചു.

മലപ്പുറം എസ്.പി ഓഫിസിലെ മരംമുറി, കരിപ്പൂരില്‍ സ്വര്‍ണം പിടിച്ചതിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും ഉദ്യോഗസ്ഥരുടെ പങ്ക്, മാമി തിരോധാന കേസ് തുടങ്ങിയവ സംബന്ധിച്ചാണ് മൊഴി നല്‍കിയത്. എം.ആര്‍. അജിത്കുമാര്‍ കവടിയാറില്‍ നിര്‍മിക്കുന്ന വീട്, ഫ്ലാറ്റ് വാങ്ങി മറിച്ചുവിറ്റത് എന്നിവ സംബന്ധിച്ച രേഖകളും അന്‍വര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

സോളാർ കേസ് അട്ടിമറിക്കാൻ അജിത്കുമാർ ശ്രമിച്ചിരുന്നുവെന്നും ഇതിനായി പ്രതികളില്‍നിന്ന് വലിയ തുക കൈക്കൂലിയായി വാങ്ങിയെന്നും അൻവർ മൊഴി നല്‍കി. സോളാറില്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ മൂന്ന് വീടുകള്‍ അജിത്കുമാറിനുണ്ട്. അജിത്കുമാറിന്റെ വിദേശയാത്രകളെ കുറിച്ചും അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.