Kerala

കിണറ്റിൽ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു

പാലക്കാട്: എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം വീണത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് കൃഷിസ്ഥലം നനക്കാൻ വെള്ളമെടുക്കാന്‍ ഉപയോ​ഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്.

വിവരം അറിഞ്ഞ ഉടനെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റിൽ‌ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കിണറിന് ചുറ്റുപാടും നിരവധി ആളുകൾ താമസിക്കുന്നുണ്ട്. ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാൽ പരിഭ്രാന്തിയോടെ ഓടുമെന്നും അത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവന് വരെ ഭീഷണിയായേക്കുമെന്നുമുള്ള നി​ഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധകളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടർമാരെ പ്രദേശത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നു. കാട്ടുപന്നികളെ പ്രദേശത്ത് നിന്ന് തുരത്തണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.