Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്പെൻഷൻ

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു.

കാസർകോട് എസ്‌ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസർകോട് അബ്ദുള്‍ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണില്‍ മർദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്‌ഐയെ സസ്പെൻ്റ് ചെയ്തത്.

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്താണ് കഴിഞ്ഞ ദിവസം കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താർ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ അബ്ദുള്‍ സത്താർ എത്തിയെങ്കിലും എസ്‌ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് എസ്‌ഐയെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് അനൂപിനെതിരായ പരാതി അന്വേഷിക്കുന്നതിനിടെയാണ് ജൂണില്‍ നടന്ന കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നത്. യാത്രക്കാരുടെ പരാതിയില്‍ സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് അനൂപ് പൊതുമധ്യത്തില്‍ വച്ച്‌ ഓട്ടോറിക്ഷാ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവാവ് താൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും തന്നെയെന്തിനാണ് ഇങ്ങനെ കൈയ്യേറ്റം ചെയ്യുന്നതെന്നും ചോദിച്ചെങ്കിലും എസ്‌ഐ മർദ്ദനം തുടരുകയായിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment