India

തമിഴ്നാട്ടിൽ ട്രെയിനപകടം, നിരവധി പേർക്ക് പരിക്ക്

ചെന്നൈയ്ക്കടുത്ത തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയില്‍ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച്‌ അപകടം.

ഏതാനും യാത്രക്കാർക്ക് പരിക്കേറ്റു. മൈസൂരുവില്‍നിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തീവണ്ടി കവരപ്പേട്ടയിലെത്തിയപ്പോള്‍ നിർത്തിയിട്ട ചരക്കുതീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. വണ്ടി അതിവേഗത്തിലായതിനാല്‍ ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ മൂന്നു കോച്ചുകള്‍ക്ക് തീപിടിക്കുകയും അഞ്ചു കോച്ചുകള്‍ പാളംതെറ്റുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഉടൻതന്നെ സ്ഥലത്തെത്തി. യാത്രക്കാരുണ്ടായിരുന്ന കോച്ചുകളിലാണ് തീപിടിച്ചത്. തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

റെയില്‍വേ സ്റ്റേഷനോട് ചേർന്നാണ് അപകടം ഉണ്ടായിരിക്കുന്നത്. ലൂപ്പ് ലൈനിലായിരുന്നു ഗുഡ്സ് ട്രെയിൻ ഉണ്ടായിരുന്നത്. അപകടം നടന്ന സ്ഥലം ഇരുട്ടിലായതിനാല്‍ അപകടത്തില്‍പ്പെട്ടവരുടെ കൃത്യമായ വിവരം അറിവായിട്ടില്ല. ചികിത്സ നല്‍കാൻ കവരപ്പേട്ടയ്ക്കു സമീപത്തെ ആശുപത്രികളെല്ലാം സജ്ജമാണെന്ന് തിരുവള്ളൂർ കളക്ടർ പ്രഭുശങ്കർ അറിയിച്ചു.