ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന ലഹരിമരുന്ന് റാക്കറ്റ് തലവനായ നൈജീരിയൻ സ്വദേശിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് പിടികൂടി.
17 വർഷമായി ബംഗളൂരു സോമനാഹള്ളിയില്‍ അനധികൃത താമസക്കാരനായ ഉക്കുവ്ഡിലി മിമ്രി (45) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഉഗാണ്ട എയർലൈൻസില്‍ മുംബൈയില്‍നിന്ന് ഉഗാണ്ടയിലെ എന്‍ഡീബിയിലേക്കും അവിടെനിന്ന് ലാഗോസിലേക്കും പുറപ്പെടാൻ ഒരുങ്ങവെയാണ് മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
ബംഗളൂരുവില്‍ സങ്കേതം കണ്ടെത്തിയ പൊലീസ് ബംഗാള്‍ സ്വദേശിയായ ഭാര്യയെ ചോദ്യംചെയ്തതിലൂടെയാണ് ഇയാള്‍ നൈജീരിയയിലേക്ക് പുറപ്പെട്ട വിവരം ലഭ്യമായത്. ഭാര്യയുടെ ഫോണില്‍നിന്ന് യാത്രാവിവരം ശേഖരിച്ച ഉടൻ പൊലീസ് വിമാനത്തില്‍ മുബൈയിലേക്ക് തിരിച്ചു. ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും നാല് പാസ്പോർട്ടുകളിലായി സഞ്ചരിക്കുന്ന ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
സ്റ്റുഡൻന്‍റ് വിസയില്‍ 2007ല്‍ ഇന്ത്യയിലെത്തിയ ഇയാള്‍ മയക്കുമരുന്ന് വിപണനം കൂടാതെ വിവിധതരം ഓണ്‍ലൈൻ തട്ടിപ്പുകളിലും ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത കേസുകളിലും പ്രതിയാണ്. ആവശ്യക്കാരില്‍നിന്ന് പണം സ്വീകരിച്ച് അജ്ഞാത കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് അടങ്ങിയ പൊതി വെച്ച ശേഷം ലൊക്കേഷൻ മാപ്പും സ്ക്രീൻഷോട്ടും അയച്ച് സ്ഥലംവിടുകയാണ് ഇയാളുടെ രീതി. ബംഗളൂരു കേന്ദ്രമാക്കി ഭാര്യയുടെ പേരില്‍ ഹോട്ടലും നടത്തുന്നുണ്ട്. ഇവരുടെ അക്കൗണ്ടില്‍നിന്ന് കോടികള്‍ കണ്ടെത്തി.
ആഗസ്റ്റില്‍ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 30 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി രാഹുലിനെ (24) പിടികൂടി ചോദ്യംചെയ്തതിലൂടെ താന്‍സാനിയ സ്വദേശി അബ്ദുല്‍ നാസർ അലി ഈസായി, കൂട്ടുപ്രതി സുജിത്ത് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റോടെയാണ് ശൃംഖലയിലെ പ്രധാനകേന്ദ്രമായ മെംമ്റിയെ പിടികൂടാന്‍ കഴിഞ്ഞത്. വ്യാജരേഖകള്‍ നല്‍കി സമ്ബാദിച്ച ഏഴ് സിമ്മുകള്‍ അടങ്ങിയ ആൻഡ്രോയിഡ് ഫോണുകള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തി.
Add Comment