Kerala

ലൈം​ഗികാതിക്രമം: നടൻ സിദ്ദിഖ് ഇന്ന് ഹാജരാകും

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പോലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരി​ഗണിക്കും.

രണ്ടാഴ്ച്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്. നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്, ഇതിനിടെ സുപ്രീം കോടതിയെ സമീപിക്കുകയും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പ്രഖ്യാപിപ്പിക്കുകയുമായിരുന്നു. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദിഖ് ഒളിവിൽ നിന്നും പുറത്തെത്തിയത്.

അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചർച്ചകൾക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ ന‌ടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

അതേസമയം പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നാണ് പൊലീസിന് നിർണായക തെളിവ് ലഭിച്ചത്. ഹോട്ടൽ രജിസ്റ്ററിൽ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദർശക ഡയറിയിൽ നടിയുടെ പേരും ഉണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.