കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭത്തിനെത്തിയത്. രാവിലെ 6 ന് വിജയദശമി പൂജകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.
സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ നാളെയാണ് എഴുത്തിനിരുത്ത് നടക്കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിവസത്തെ പ്രത്യേക ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിനയ്യായിരത്തോളം കുഞ്ഞുങ്ങൾ ആദ്യ അക്ഷരം കുറിയ്ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്. ആയിരക്കണക്കിനാളുകളാണ് പൂജവയ്ക്കാനെത്തിയത്. മൂകാംബിക ക്ഷേത്രത്തിലേത് പോലെ ദുർഗാഷ്ടമി മഹാനവമി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്നിടമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം.
Add Comment