Politics

ദേശ വിരുദ്ധ പരാമർശം; മുഖ്യമന്ത്രിയെ വിടാതെ ഗവർണർ

തിരുവനന്തപുരം: ദേശ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാൻ ഒരുക്കമില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിലപാട്. വിഷയം തുടർന്നും ഉന്നയിക്കാനാണ് രാജ്ഭവന്റെ തീരുമാനം. വിഷയത്തിൽ രാഷ്ട്രപതിക്ക് ഗവർണർ ഉടൻ റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർ നടപടിക്കുള്ള സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർവീസ് ചട്ട പ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നുമാണ് ​ഗവർണർ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയ്യാറല്ലെന്ന് ​സർക്കാർ അറിയിച്ചതോടെ ​ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിനാണ് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിരുന്നു.

ചീഫ് സെക്രട്ടറിയും ഡിസിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിസിപിയെയും വിലക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു.