Sports

മൂന്നാം ടി 20യിൽ സഞ്ജുവിൻ്റെ വെടിക്കെട്ട് സെഞ്ച്വറി

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സഞ്ജു സാംസന്റെ ആറാട്ട്. മത്സരത്തില്‍ അത്യുഗ്രൻ വെടിക്കെട്ട് തീർത്ത് ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജു സാംസണ് സാധിച്ചു.

40 പന്തുകളില്‍ നിന്നാണ് മത്സരത്തില്‍ സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്.

പല റെക്കോർഡുകളും ഭേദിച്ചാണ് മലയാളി താരം അഹമ്മദാബാദില്‍ അഴിഞ്ഞാടിയത്. ആദ്യ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ചതിന്റെ പേരില്‍ സഞ്ജു വലിയ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഒരു വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജു കളം നിറഞ്ഞിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി ആദ്യ ഓവർ മുതല്‍ സഞ്ജു സാംസണ്‍ താളം കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ടസ്കിൻ അഹമ്മദിനെതിരെ ബൗണ്ടറി നേടിയാണ് സഞ്ജു തന്റെ സംഹാരം ആരംഭിച്ചത്. ഓവറില്‍ തുടർച്ചയായി 4 ബൗണ്ടറികള്‍ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അല്പം ലെഗ് സൈഡിലേക്ക് ഇറങ്ങി നിന്ന് സ്റ്റമ്ബുകള്‍ പൂർണമായും ബോളർക്ക് നല്‍കിക്കൊണ്ടാണ് സഞ്ജു 4 ബൗണ്ടറികളും കണ്ടെത്തിയത്. പിന്നീട് മുസ്തഫിസൂർ എറിഞ്ഞ നാലാം ഓവറില്‍ സഞ്ജു നേടിയ സ്ട്രൈറ്റ് സിക്സറും വലിയ രീതിയില്‍ ശ്രദ്ധ നേടി.

പവർപ്ലേ ഓവറുകളില്‍ പൂർണ്ണമായും സഞ്ജുവിന്റെ ആക്രമണമാണ് കാണാൻ സാധിച്ചത്. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെയും കൂട്ടുപിടിച്ച്‌ സഞ്ജു എല്ലാത്തരത്തിലും താണ്ഡവമാടുകയായിരുന്നു. മത്സരത്തില്‍ 22 പന്തുകളിലാണ് സഞ്ജു തന്റെ അർദ്ധ സെഞ്ച്വറി നേടിയത്. ട്വന്റി20 ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഏറ്റവും വേഗതയില്‍ അർധസെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സഞ്ജു ഇതോടെ സ്വന്തമാക്കുകയും ചെയ്തു. ഇതിന് ശേഷവും സഞ്ജു സാംസണ്‍ തന്റെ സംഹാരം തുടരുകയായിരുന്നു. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്താൻ സഞ്ജുവിന് കഴിഞ്ഞു.

റിഷാദ് ഖാൻ എറിഞ്ഞ പത്താം ഓവറില്‍ സിക്സറുകള്‍ കൊണ്ട് സഞ്ജു ആറടുകയായിരുന്നു. ഓവറിലെ ആദ്യ പന്ത് ഡോട്ട്ബോള്‍ ആയി മാറിയെങ്കിലും തുടർച്ചയായി 5 പന്തുകളില്‍ സിക്സർ നെടി സഞ്ജു ഇന്ത്യൻ ആരാധകരെയും ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ഞെട്ടിച്ചു. മത്സരത്തില്‍ സഞ്ജുവിന്റെയും സൂര്യയുടെയും മികവില്‍ 11 ഓവറുകള്‍ക്കുള്ളില്‍ തന്നെ 160 റണ്‍സ് പിന്നിടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ശേഷമാണ് സഞ്ജു സാംസണ്‍ തന്റെ ആദ്യ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കിയത്. 40 പന്തുകളില്‍ നിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി.9 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.