India

മനുഷ്യാവകാശ പ്രവർത്തകൻ പ്രൊഫ.ജി.എൻ സായിബാബ അന്തരിച്ചു, വിടവാങ്ങിയത് ഭരണകൂട ഭീകരതയുടെ ഇര

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട പ്രൊഫ. ജി എൻ സായിബാബ അന്തരിച്ചു.

ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ (നിംസ്) ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം. 57 വയസായിരുന്നു. ജയില്‍ മോചിതനായതിന് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് അന്ത്യം.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി 2014 മേയിലാണ് സായിബാബയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. 2022ല്‍ കേസില്‍ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈക്കോടതിയില്‍ കേസ് പരിഗണിച്ച്‌ അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സായിബാബ ജയില്‍ മോചിതനായത്.

ജയിലില്‍ കഴിയവെ അധികാരികളില്‍ നിന്ന് നേരിട്ട മനുഷത്വരഹിതമായ പെരുമാറ്റങ്ങളെക്കുറിച്ച്‌ സായിബാബ പരാതിപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന അദ്ദേഹത്തിന് മരുന്നുപോലും കൈമാറാൻ ജയില്‍ അധികൃതർ തയാറായിരുന്നില്ല. ജയില്‍ മോചിതനായ ശേഷം സായിബാബ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലില്‍ നിന്ന് ജീവനോടെ പുറത്തുകടന്നത് ഒരു അത്ഭുതമായാണ് കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡല്‍ഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലിഷ് പ്രൊഫസറായിരുന്നു സായിബാബ. 2003ലാണ് രാം ലാല്‍ ആനന്ദ് കോളേജില്‍ നിയമിതനായത്. അറസ്റ്റിനെ തുടർന്ന് കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിലെ അമലാപുരം സ്വദേശിയായ സായിബാബ ഗോത്രവർഗ സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദം ഉയർത്തിയ വ്യക്തിയാണ്. ഭരണകൂടഭീകരതയ്ക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചിരുന്നു. സ്റ്റാൻ സ്വാമിയുടേയും മറ്റ് പല ആക്ടിവിസ്റ്റുകളുടേയും അറസ്റ്റുകളെ അദ്ദേഹം എതിർത്തിരുന്നു.