മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്.
നേരത്തെ സിഎംആർഎല്ലിന്റെയും കെസിഡിസിയുടെയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും പല തവണയായി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വീണാ വിജയന്റെ കമ്ബനിയായ എക്സാലോജിക്കില്‍ നിന്നും ഇ-മെയില്‍ മുഖാന്തരവും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്ബനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം. മാസപ്പടിയായി എക്സാലോജിക് കമ്ബനി ഒരു കോടി 72 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടൻ ആരോപിച്ചിരുന്നു. എക്സാലോജിക് കമ്ബനി വലിയ തുകയുടെ ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്‌എഫ്‌ഐഒ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
പണമിടപാട് അന്വേഷിക്കാൻ ജനുവരി 31-നാണ് എസ്‌എഫ്‌ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പണമിടപാടില്‍ രജിസ്ട്രാർ ഓഫ് കമ്ബനീസ് (ആർ ഒ സി) അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എസ്‌എഫ്‌ഐഒയും അന്വേഷണം ആരംഭിച്ചത്. എക്സാലോജിക്-സി എം ആർ എല്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ആർഒസി കണ്ടെത്തിയിരുന്നു. ഒരു സേവനവും നല്‍കാതെ എക്സാലോജിക്കിന് സിഎംആർഎല്‍ വൻ തുക കൈമാറിയെന്നായിരുന്നുവെന്നാണ് കണ്ടെത്തല്‍. തുടർന്നാണ് അന്വേഷണം എസ്‌എഫ്‌ഐഒക്ക് കൈമാറിയത്.
Add Comment