Sports

സഹതാരത്തെ പുറത്താക്കിയതിൽ പ്രതികരണവുമായി ഫഖർ സമാൻ

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും ബാബർ അസമിനെ പുറത്താക്കിയതിൽ പ്രതികരണവുമായി സഹതാരം ഫഖർ സമാൻ. ബാബർ അസമിനെ പാകിസ്താൻ ടീമിൽ നിന്ന് പുറത്താക്കിയതായി കേൾക്കുന്നു. 2020-2023 കാലഘട്ടത്തിൽ മോശം ഫോമിൽ കളിച്ചപ്പോൾ ഇന്ത്യ വിരാട് കോഹ്‍ലിയെ പുറത്താക്കിയില്ല. എക്കാലത്തെയും മികച്ച ബാറ്ററെ പുറത്താക്കാനാണ് പാകിസ്താൻ ക്രിക്കറ്റിന്റെ തീരുമാനമെങ്കിൽ, അത് ടീമിനുള്ളിൽ തെറ്റായ സന്ദേശം നൽകും. ടീമിനുള്ളിൽ തെറ്റായ സന്ദേശം നൽകുന്നത് ഒഴിവാക്കാൻ ഇനിയും സമയമുണ്ട്. ഫഖർ സമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മോശം ഫോമിനെ തുടർന്നാണ് ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ പാകിസ്താൻ ഇം​ഗ്ലണ്ട് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയത്. ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്ന മുൻ നായകൻ സർഫ്രാസ് അഹമ്മദിനേയും അടുത്ത രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ബാബറിനും ഷഹീനും ഉൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ തോൽവികളിൽ നിന്ന് പാകിസ്താൻ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

ഒക്ടോബർ 15ന് മുൾത്താനിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഒക്ടോബർ 24 മുതൽ റാവൽപിണ്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ പരമ്പര സ്വന്തമാക്കാൻ കഴിയൂ.