Kerala

കൻ്റോൺമെൻ്റ് ഹൗസിൽ സുരക്ഷ പിഴവ് ഡി.ജി.പിയ്ക്ക് പരാതി

ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റിന് മുന്നില്‍ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

സമാനമായ രീതിയിലുള്ള ഫ്ളെക്സ് ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാന്‍ ശ്രമിച്ച ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബി.ജെ.പി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് പൊലീസ് ചെയ്തത്.

മാസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ വച്ച്‌ പ്രതിഷേധക്കാരെ തടയുകയാണ് പതിവു രീതിയെന്നിരിക്കെ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ദുരൂഹമാണ്. കന്റോണ്‍മെന്റ് ഹൗസിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും സുരക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പരാതി പൂര്‍ണരൂപത്തില്‍

ബഹു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഇന്ന്(14.10.2024) നടന്ന അതിക്രമം അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. തിരുവനന്തപുരം നഗരത്തിലൂടെ പ്രകടനമായി വന്ന ബി.ജെ.പി- യുവമോര്‍ച്ച പ്രവര്‍ത്തകരും ക്രിമിനലുകളും കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റിന് മുന്നില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കുകയും പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടും യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

സമാനമായ രീതിയിലുള്ള ഫ്‌ളെക്‌സ് ബോര്‍ഡ് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നിലും സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. അവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയുടെ ഗേറ്റ് വരെ ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകരെയും ക്രിമിനലുകളെയും നിര്‍ബാധം പ്രവേശിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയാണ് പൊലീസ് ചെയ്തത്. മസ്‌കറ്റ് ഹോട്ടലിന് മുന്നില്‍ വച്ച്‌ പ്രതിഷേധക്കാരെ തടയുകയെന്ന പതിവു രീതി ഒഴിവാക്കിയ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ചയും അതീവ ദുരൂഹമാണെന്ന് കാണുന്നു.

കന്റോണ്‍മെന്റ് ഹൗസ് ഉള്‍പ്പെടുന്ന സ്ഥലത്തെ അധികാര പരിധിയിലുള്ള മ്യൂസിയം പൊലീസിന്റെ ഭാഗത്ത്നിന്ന് നേരത്തെയും ഇത്തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷ നേതാവ് ഓഫീസിലുണ്ടെന്ന ധാരണയില്‍ ഡി.വെ.എഫ്.ഐ പ്രവര്‍ത്തകരായ ക്രിമിനലുകള്‍ കന്റോണ്‍മെന്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മതില്‍ ചാടി കടന്ന് കന്റോണ്‍മെന്റ് ഹൗസിന്റെ പോര്‍ട്ടിക്കോവില്‍ എത്തുകയും പ്രതിപക്ഷനേതാവിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. അക്രമകാരികളെ അന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയാണ് മ്യൂസിയം പൊലീസ് ചെയ്തത്.

പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കും നേരെയുണ്ടാകുന്ന നിരന്തര സുരക്ഷാ വീഴ്ചകള്‍ അതീവ ലാഘവത്തോടെയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് കാണുന്നത്.

ഈ സാഹചര്യത്തില്‍ കന്റോണ്‍മെന്റ് ഹൗസിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും സുരക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു.