Kerala

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണം; പ്രതിഷേധം ശക്തമാകുന്നു

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്, ബി ജെ പി യുവജന സംഘടനകൾ ഉൾപ്പടെ ആണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാർ കണ്ണൂർ ജില്ലാ പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നും പിപി ദിവ്യക്കെതിരെ കേസെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

വിരമിക്കാൻ 7 മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന നവീൻ ബാബു അവിടെ നിന്നാണ് കണ്ണൂരിലെത്തിയത്. സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെ ഇന്ന് പോകാനിരിക്കെയാണ് ജീവനൊടുക്കിയത്. ട്രെയിനിനെത്തുന്ന നവീനെ കൂട്ടാൻ ഭാര്യ രാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൽ നവീനെ കാണാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ വിവരമറിയിച്ചു. ശേഷം നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നവീൻ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെന്ന് കുടുംബം പ്രതികരിച്ചു. നവീനെ അഴിമതിക്കാരനെന്ന രീതിയിൽ ചിത്രീകരിച്ചതാണ്, സമ്മർദ്ദങ്ങൾക്ക് വഴുന്നയാളല്ല നവീൻ. ആര് സഹായം ചോദിച്ചാലും ചെയ്യാൻ കഴിയുന്നതെല്ലാം കൃത്യമായി ചെയ്തു കൊടുക്കുന്നയാളാണെന്നും അമ്മാവൻ പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണിൽ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ വിദ്വേഷണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം.

About the author

KeralaNews Reporter

Add Comment

Click here to post a comment