Kerala

ഇടതുസംഘടന പ്രവർത്തകൻ, മികച്ച ട്രാക്ക് റക്കോർഡ്. ആത്മഹത്യയിൽ പകച്ച് നാടും കുടുംബവും

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയെന്ന വാര്‍ത്തയറിഞ്ഞ് നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിരമിക്കാന്‍ വെറും ഏഴുമാസം മാത്രം ബാക്കി നില്‍ക്കേ, ഏറെനാളായി ആഗ്രഹിച്ച്‌ നാട്ടിലേക്ക് ചോദിച്ച്‌ വാങ്ങിയ സ്ഥലംമാറ്റത്തിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ മരണം.

സര്‍വീസിന്റെ അവസാന നാളുകള്‍ കുടുംബത്തിനൊപ്പം കഴിയാന്‍ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് നവീന്‍ ബാബു ജീവനൊടുക്കിയെന്ന വാര്‍ത്ത വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം ലഭിച്ചതിനുശേഷം അദ്ദേഹം ഇന്ന് പത്തനംതിട്ടയില്‍ എത്തേണ്ടതായിരുന്നു. ചെങ്ങന്നൂരില്‍ ട്രെയിന്‍ ഇറങ്ങുന്ന നവീന്‍ ബാബുവിനെയും കാത്ത് ബന്ധുക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. അദ്ദേഹം വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണ വാര്‍ത്തയറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ കണ്ണൂരില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുന്നില്‍ നവീന്‍ താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയ ജില്ലാ കലക്ടറുടെ ഗണ്‍മാനാണ് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ചനിലയില്‍ ആദ്യം കണ്ടത്.

നവീന്‍ ബാബു ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് കുടുംബം പറഞ്ഞു. യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ലെന്നും കുടുംബം വ്യക്തമാക്കി. നവീന്‍ ബാബുവിന്റേത് സിപിഎം കുടുംബമാണ്. നവീന്‍ ബാബുവിന്റെ അമ്മ സിപിഎം സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്ന് ഭാര്യാപിതാവ് പറഞ്ഞു. ഇടതുസംഘടനാംഗമായ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുന്‍ ഇടതുസംഘടന ഭാരവാഹിയും കോന്നി ഡപ്യൂട്ടി തഹസില്‍ദാര്‍ കൂടിയാണ്. നവീനും മഞ്ജുഷയ്ക്കും രണ്ട് പെണ്‍മക്കളാണ്. ഇരുവരും വിദ്യാര്‍ഥികളാണ്. നവീന്‍ ബാബുവിന്റേത് ഒരു മോശം കരിയറായിരുന്നില്ലെന്നും നാട്ടില്‍ അദ്ദേഹത്തെ കുറിച്ച്‌ നല്ല അഭിപ്രായം മാത്രമേയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.