Kerala

കണ്ണൂർ എഡിഎമ്മിന്റെ മരണം; പി.പി ദിവ്യക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യക്കും കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എഡിഎമ്മിന്റെ മരണത്തിനുപിന്നിൽ പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാക്കണം. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി മനഃപൂർവം തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പരസ്യമായി ആക്ഷേപിക്കുയായിരുന്നു ദിവ്യയെന്നും സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടി വേണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അവർ നിയമനടപടി നേരിടണം. അവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും നരഹത്യയ്ക്കും കേസ്സെടുക്കണം. അടിയന്തരമായി ജില്ലാ കളക്ടറുടെ മൊഴിയെടുക്കണം. സിപിഎം നേതാക്കൾ നിരന്തരമായി നടത്തുന്ന ഭീഷണിയും അപവാദപ്രചാരണവും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.