Politics

കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര; രമ്യ ഹരിദാസ്

പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലേക്ക് പാർട്ടി പരിഗണിച്ചതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂർ മുൻ എം പി രമ്യ ഹരിദാസ്. കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. പാർട്ടിയും മുന്നണിയും വളരെയധികം പ്രതീക്ഷയോട് കൂടി തന്നെയാണുള്ളതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ എല്ലാവരും വളരെ ഊർജ്ജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനാണെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ്മാർ പോലും കെപിസിസി പ്രസിഡൻ്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്നത്.കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പോലെ തന്നെ സമാന രീതിയിലുള്ള ഒരുക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് അനുഭാവികളുള്ള മണ്ഡലമാണ് ചേലക്കര. ആ രീതിയിൽ കോൺഗ്രസ് അതിന്റേതായ മുന്നൊരുക്കങ്ങൾ വളരെ സജീവമായി എടുത്തിട്ടുണ്ടെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബർ 23നായിരിക്കും.

വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജി വെച്ചതിനാലാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.