Kerala

ബിജെപി ഹർത്താൽ, റവന്യൂ ഉദ്യോ​ഗസ്ഥർ കൂട്ട അവധിയിൽ; പിപി ദിവ്യയ്ക്കെതിരെ കണ്ണൂരിൽ വൻ പ്രതിഷേധം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ നഗരസഭ പരിധിയിൽ ബിജെപി ഹർത്താൽ ആചരിക്കുന്നത്. മലയാലപ്പുഴയിൽ കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലും തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.

എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സർവീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം.

വില്ലേജ് ഓഫിസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്. അതിനിടെ എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.