തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ചിത്രം അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. അഖണ്ഡ 2 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സീക്വലിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രഖ്യാപനത്തിനൊപ്പം സിനിമയുടെ ആദ്യ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. താണ്ഡവം എന്ന് ടാഗ് ലൈനുളള പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ ഹിമാലയവും കാണാം.
ആദ്യഭാഗം സംവിധാനം ചെയ്ത ബോയപതി ശ്രീനു തന്നെയാണ് അഖണ്ഡ 2 വും സംവിധാനം ചെയ്യുന്നത്. നന്ദമൂരി ബാലകൃഷ്ണയും ബോയപതി ശ്രീനുവും ഒന്നിക്കുന്ന നാലാം ചിത്രമായിരിക്കും അഖണ്ഡ 2. സിംഹ, ലെജൻഡ്, അഖണ്ഡ എന്നിങ്ങനെ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും തിയേറ്ററിൽ വലിയ വിജയങ്ങളുമായിരുന്നു. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് അഖണ്ഡ 2 നിർമ്മിക്കുന്നത്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ആദ്യ പാൻ ഇന്ത്യ ചിത്രവുമാണിത്. ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി ദേതാകെ, സംഗീതം തമൻ എസ്, കല എ എസ് പ്രകാശ്, എഡിറ്റർ തമ്മിരാജു, പി.ആര്‍.ഒ ശബരി തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
2021 ൽ കൊവിഡ് പ്രതിസന്ധിക്കിടയിലാണ് അഖണ്ഡ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മുരളീകൃഷ്ണ, അഖണ്ഡ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു ബാലയ്യ ചിത്രത്തിലെത്തിയത്. പ്രഗ്യാ ജയ്‌സ്വാൾ, ജഗപതി ബാബു, ശ്രീകാന്ത് എന്നിങ്ങനെ വലിയ താരനിര ഭാഗമായ ചിത്രം ആഗോളതലത്തിൽ 150 കോടിയിലധികം രൂപ നേടി. ബാലയ്യയുടെ കരിയറിൽ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു അഖണ്ഡ.
Add Comment