Kerala

എഡിഎമ്മിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹത; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹത. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എഡിഎം കൈക്കൂലിക്കാരന്‍ അല്ലെന്ന് പ്രശാന്തന്‍ പറയുന്നതാണ് ഫോണ്‍ സംഭാഷണം. എന്‍ഒസി ലഭിക്കാത്തത് പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും പ്രശാന്തന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ് പറയുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല.

എഡിഎം ഓഫീസില്‍ എന്‍ഒസിക്കായി എത്തിയപ്പോഴായിരുന്നു സംരംഭകനെ പ്രശാന്തന്‍ പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും എന്‍ഒസി ലഭിച്ചിരുന്നില്ല. ഇതിന്റെ ആശങ്കകളാണ് ഇരുവരും പങ്കുവെയ്ക്കുന്നത്. എഡിഎം നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്നുള്ള സൂചനയില്ലെന്ന് പ്രശാന്തന്‍ പറയുന്നുണ്ട്. താന്‍ ആദ്യം അങ്ങനെയാണ് കരുതിയത്. എന്നാല്‍ തനിക്ക് എന്‍ഒസി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസാണ്. പൊലീസിന്റെ റിപ്പോര്‍ട്ട് തനിക്ക് എതിരായിരുന്നുവെന്നും പ്രശാന്തന്‍ പറയുന്നു.