Kerala Local

ട്രെയിനിൽ നിന്നും ചാടിയിറങ്ങി പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ

ഓടുന്ന ട്രെയിനില്‍നിന്ന് കോച്ച്‌ മാറിക്കയറാൻ ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു.

പൊലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്‍വേലി സ്വദേശി ഏണസ്റ്റ് (57) ആണ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയോടെ പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കന്യാകുമാരി-ദിബ്രുഗഢ് എക്‌സ്പ്രസില്‍നിന്ന് യാത്രക്കാരന്‍ വീണതുകണ്ട റെയില്‍വേ പൊലീസുകാര്‍ സ്‍ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അരയ്ക്കുതാഴ്ഭാഗം ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഏണസ്റ്റ്. കാല്‍ പ്ലാറ്റ്‌ഫോമിനോട് ചേർത്ത് കമിഴ്ന്നുകിടക്കുവാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തീവണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് മാറിയ ശേഷമാണ് നിസ്സാര പരിക്കുകളോടെ ഏണസ്റ്റിനെ പുറത്തെടുത്തത്.

നാഗര്‍കോവിലില്‍ നിന്നാണ് ഏണസ്റ്റ് ട്രെയിനില്‍ കയറിയത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇദ്ദേഹം അബദ്ധത്തില്‍ ബോഗി മാറി സ്ലീപ്പര്‍ കോച്ചിലായിരുന്നു കയറിയത്. പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിയശേഷമാണ് ബോഗി മാറിക്കയറിയതായി മനസ്സിലായത്. തുടര്‍ന്ന് പാറശ്ശാല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിൻ വേഗത കുറച്ചപ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. എന്നാല്‍, കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു.