Sports

‘നീ എന്താണ് നേടിയതെന്ന് നിനക്ക് മനസിലായിട്ടില്ല’; രോഹിത്തിന്റെ വാക്കുകള്‍ പങ്കുവെച്ച് പന്ത്

2021 ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഓസീസ് ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം അഞ്ചാമത്തെ ദിവസം മറികടന്നാണ് ഇന്ത്യ കങ്കാരുപ്പടയെ കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്നും പുറത്താകാതെ 89 റണ്‍സ് അടിച്ചെടുത്ത റിഷഭ് പന്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഓസ്‌ട്രേലിയയെ വീഴ്ത്തിയതിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളാണ് രോഹിത് തുറന്നു പറയുന്നത്. ഗാബയിലെ പ്രകടനത്തിന്റെയും വിജയത്തിന്റെയും വില എത്രത്തോളമാണെന്ന് താന്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. രോഹിത്താണ് ഇക്കാര്യം മനസ്സിലാക്കി തന്നതെന്നും പന്ത് വെളിപ്പെടുത്തി.

‘നീ ഇപ്പോള്‍ എന്താണ് നേടിയതെന്ന് നിനക്ക് മനസിലായിട്ടില്ലെന്ന് രോഹിത് ഭായി എന്നോട് പറഞ്ഞു. ഞാന്‍ അമ്പരന്നുനില്‍ക്കുകയായിരുന്നു അപ്പോള്‍. മത്സരം എങ്ങനെയെങ്കിലും വിജയിപ്പിക്കുക എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. രോഹിത് ഭായി പറഞ്ഞതിന്റെ പ്രാധാന്യം എനിക്ക് പിന്നീടാണ് മനസിലായത്. പിന്നീട് പലപ്പോഴും ആളുകള്‍ ഗാബ ടെസ്റ്റിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ മത്സരവും വിജയവും അത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്’, പന്ത് പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടക്കാന്‍ മൂന്ന് വിജയങ്ങള്‍ കൂടി അനിവാര്യമായി നില്‍ക്കെ ഈ പരമ്പര ഇന്ത്യയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും ഇപ്പോള്‍ നടക്കുന്ന ന്യൂസിലന്‍ഡുമായുള്ള ടെസ്റ്റ് പരമ്പര മഴ ഭീഷണിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍. അത് കൊണ്ട് തന്നെ നവംബര്‍ 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഹാട്രിക് നേട്ടം ലക്ഷ്യമിട്ടാണ് എത്തുന്നത്.