Local

മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം

ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം. ഇന്നലെ മൂന്നാം ബ്ലോക്കിലെ ആലിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയെ അജ്ഞാതജീവി കൊന്നു ഭക്ഷിച്ചതായി കണ്ടെത്തി. പന്നിയുടെ ഇറച്ചി മാത്രമാണു തിന്നത്.

ചെന്നായ് ആക്രമിച്ചു കാട്ടുപന്നിയെ കൊന്നതായാണു വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ചെന്നായ് ഈ മേഖലയിൽ ഇല്ലെന്നും, ചെന്നായ് തിന്നതാണെങ്കിൽ കാട്ടുപന്നിയുടെ എല്ല് ഉൾപ്പെടെ ഭക്ഷിക്കുമെന്നും നാട്ടുകാർ സംശയം ഉന്നയിച്ചു. പെരുവണ്ണാമൂഴി വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

കോച്ചേരി രാജൻ്റെ ഭൂമിയിൽ നിന്നും ഒന്നര ആഴ്ച മുൻപ് വന്യജീവിയുടെ കാൽപാട് കണ്ടെത്തിയിരുന്നു. കൂടാതെ പ്ലാന്റേഷൻ എസ്റ്റേറ്റ് ഭൂമിയിലും പലയിടങ്ങളിലും കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം മുൻപ് ഈ മേഖലയിൽ പുലി ഇറങ്ങിയതായി വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. പുലിയെ പിടികൂടാൻ ക്യാമറയും സ്ഥാപിച്ചിരുന്നു.

മൂന്നാം ബ്ലോക്ക് മേഖലയിൽ സ്വകാര്യ ഭൂമിയിൽ കാട് നിറഞ്ഞതാണു വന്യമൃഗ ശല്യം വർധിക്കാൻ പ്രധാന കാരണം. കൃഷി ഭൂമിയിലെ കാട് വെട്ടി മാറ്റാത്ത ഭൂവുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചക്കിട്ടപാറ പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും കാട് വെട്ടി മാറ്റിയിട്ടില്ല. കാട് വെട്ടി മാറ്റാൻ അടിയന്തര നടപടി വേണം.

ഈ മേഖലയിൽ ക്യാമറ സ്ഥാപിക്കണമെന്നും ആർആർടി ടീമിൻ്റെ സേവനം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.