Kerala

എഡിഎമ്മിന്റെ ആത്മഹത്യ; ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. വിഷയത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. കൃത്യമായ നടപടിയുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

സരിന്‍ വിഷയത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സരിന്‍ സ്വീകരിക്കുന്ന നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്ന് ഗോവിന്ദന്‍ പറഞ്ഞു. പുറത്ത് വന്നതുകൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ല. നിലപാടാണ് വിഷയം. എല്‍ഡിഎഫിനെ അംഗീകരിക്കണം. സരിനുമായി ആരൊക്കെ ചര്‍ച്ച നടത്തി എന്ന് തനിക്ക് പറയാന്‍ പറ്റില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയമാകുമ്പോള്‍ പലരും സംസാരിക്കും. ആര് വേണമെങ്കിലും സ്ഥാനാര്‍ത്ഥി ആവാം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നാളെയോടെ പ്രഖ്യാപിക്കും. സരിന്റെ നിലപാട് അറിഞ്ഞിട്ട് വീണ്ടും കാണാമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.