പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു.
നവീൻ കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും ദിവ്യ എസ് അയ്യർ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു. ”ഞങ്ങൾ ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ കഴിഞ്ഞിട്ടുള്ളവരാണ്. റാന്നി തഹസിൽദാരായിരുന്ന സമയത്ത് ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും പ്രളയം വന്നപ്പോഴും മഴ വന്നപ്പോഴും എല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിച്ചത്. റാന്നിയിൽ ഒരുപാട് പ്രശ്നബാധിത മേഖലകളുണ്ടായിരുന്നു. രാവും പകലും ഒരുമിച്ചിരുന്ന് ജോലി ചെയ്തവരാണ്. ഞങ്ങൾക്കൊപ്പം നിർലോഭം പ്രവർത്തിച്ചിരുന്ന ആളാണ് നവീൻ, എനിക്കിതൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു പാവത്താനായിരുന്നു. ഞങ്ങളറിഞ്ഞ മനുഷ്യനെക്കുറിച്ച് ഞങ്ങൾക്കറിയാം. വളരെ ദൗർഭാഗ്യകരമായിപ്പോയി. ആരെയും കുത്തിനോവിക്കാനറിയാത്ത, ആരോടും മുഖം കറുപ്പിക്കാത്ത ഒരു നവീനെയാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. എപ്പോഴും മുഖത്തൊരു ചിരിയുണ്ടാകും. അവസാനമായിട്ട് ഞാൻ നവീനെ കാണുന്നതും ഇവിടെ വെച്ചാണ്. പ്രമോഷൻ കിട്ടി, കാസർകോടേക്ക് പോകുവാണ് എന്ന് പറയാൻ എന്നെ കാണാൻ വന്നിരുന്നു. അന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു. എന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തിട്ട് പോയതാ. പിന്നെ കണ്ടിട്ടില്ല. ഇവിടെ വെച്ച് ഇങ്ങനെ കാണേണ്ടി വരുമെന്ന് ഓർത്തില്ല. വിതുമ്പിയും കണ്ണുതുടച്ചും സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ടുമായിരുന്നു ദിവ്യ എസ് അയ്യരുടെ പ്രതികരണം.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവിവരം പുറത്തുവന്ന ദിവസം ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് ദിവ്യ എസ് അയ്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിശ്വസിക്കാനാകുന്നില്ല നവീനേ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. “എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ…അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല”. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട് എന്നായിരുന്നു ദിവ്യ എസ് അയ്യരുടെ കുറിപ്പ്.
Add Comment