Politics Kerala

പി.സരിനെ കോൺഗ്രസ് പുറത്താക്കി

കോൺഗ്രസിൽ വിമത സ്വരമുയർത്തിയ മീഡിയ വിഭാഗം കൺവീനർ ഡോ.പി.സരിനെ കോൺഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് പുറത്താക്കുന്നതെന്ന് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ വ്യക്തമാക്കി

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിന്നു മെതിരെ കടുത്ത ആരോപണമാണ് സരിൻ ഉന്നയിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ യഥാർത്ഥ കാരണം വി ഡി സതീശനാണെന്ന് സരിൻ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാർട്ടി ജനാധിപത്യം സതീശൻ തകർത്തു. ധിക്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും മുഖമാണ് അദ്ദേഹം.

പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെത്തിയത് അട്ടിമറിയിലൂടെയായിരുന്നെന്ന ഗുരുതര ആരോപണവും സരിൻ ഉന്നയിച്ചിട്ടുണ്ട്. ബിജെപിയെ എതിർക്കേണ്ട എന്നതാണ് സതീശന്റെ നിലപാട്. സിപിഎം വിരുദ്ധത അണികളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു.

“വടകര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടന്നത് സതീശന്റെ അട്ടിമറിയാണ്. ഷാഫി പറമ്ബിലിനെ വടകരയില്‍ സ്ഥാനാർഥിയാക്കിയത് ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് വഴിവെച്ചതിന്റെ കാരണം സതീശന്റെ തീരുമാനമാണ്, ബിജെപിയെ സഹായിക്കാൻ മാത്രം. പാർട്ടിയെ നിയന്ത്രിക്കുന്നത് മൂന്നംഗ സംഘമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കുട്ടി സതീശൻകൂടിയാണ്. ഔചിത്യമില്ലാത്ത ആള്‍രൂപമാണ് രാഹുല്‍. പാലക്കാട് രാഹുലിന് തിരിച്ചടിയുണ്ടാകും,” സരിൻ വ്യക്തമാക്കി.

ഷാഫി പറമ്ബിലിനെതിരെയും വിമർശനമാണ് സരിൻ ഉന്നയിച്ചിരിക്കുന്നത്. ബിജെപിയോട് മൃദുസമീപനവും സിപിഎമ്മിനോട് വിരുദ്ധതയുമുണ്ടാകുന്ന രാഷ്ട്രീയ ഗുണം ഷാഫി എവിടെ നിന്നാണ് പഠിച്ചതെന്ന് സരിൻ ചോദിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്ന അവകാശപ്പെടുന്ന ഷാഫിക്ക് അതിനുള്ള അർഹതയില്ല. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ സംസ്കാരം ഇതല്ല. കേരള രാഷ്ട്രീയം മലീമസമാക്കുന്നതില്‍ ഷാഫിക്കും പങ്കുണ്ടെന്നും സരിൻ ആരോപിച്ചു.

പാലക്കാട് നഗരസഭ ബിജെപിക്ക് വിട്ടുകൊടുത്തത് നവംബർ 13ന്റെ സെറ്റില്‍മെന്റാണോയെന്നും സരിൻ ചോദിച്ചു. ഷാഫിക്ക് ലഭിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സിപിഎം വോട്ടുകള്‍ രാഹുലിന് ലഭിക്കില്ല. സിപിഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും നിരന്തര വിമർശകനാണ് രാഹുല്‍. അതിനാല്‍ സിപിഐഎം വോട്ടുകള്‍ രാഹുലിന് ലഭിക്കില്ല. പിന്നെ, എവിടുന്ന് വോട്ടുകണ്ടെത്തുമെന്ന കാര്യം അന്വേഷിച്ച്‌ കണ്ടെത്തേണ്ടതാണെന്നും സരിൻ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment