ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണ് റോയൽ എൻഫീൽഡ്. എന്നാൽ റോയൽ എൻഫീൽഡിന്റെ പുതിയ അംഗം ആ ജനപ്രീതി കൂട്ടുമോ എന്ന് കണ്ടറിയണം. റോയൽ എൻഫീൽഡ് ഇവി സെഗ്‌മെൻ്റിൽ പ്രവേശനം നടത്താന്‍ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡ് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിൻ്റെ ആദ്യ ഔദ്യോഗിക ടീസറാണ് പങ്കിട്ടിരിക്കുന്നത്. സേവ് ദി ഡേറ്റ്- നവംബർ 4, 2024 എന്ന ക്യാപ്ഷനോടെയാണ് ഈ ടീസർ കമ്പനി പുറത്തുവിട്ടത്. 2022 ലായിരുന്നു Electrik 01- ന്റെ ആദ്യ കണ്സെപ്റ് ഇമേജ് പുറത്ത് വിട്ടത്.
ഇലക്ട്രിക്ക് ബൈക്കിന്റെ രൂപകല്പനയ്ക്കായി കമ്പനി ഇന്ത്യയിൽ പേറ്റന്റ് നേടിയിരുന്നു. റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കിൻ്റെ ഡിസൈനും പേറ്റൻ്റ് പതിപ്പും 2024 നവംബർ 4 ന് അനാച്ഛാദനം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ടീസറിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. പുതിയ ഇലക്ട്രിക് ബൈക്കിൽ ഫാൻസി സ്വിംഗ്ആം, സിംഗിൾ സീറ്റ് സെറ്റപ്പ്, ചെറിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബൈക്കിൻ്റെ ബാറ്ററിയും മോട്ടോർ വിവരങ്ങളും റോയൽ എൻഫീൽഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്ന പ്രകടനത്തിന് സമാനമായിരിക്കും പ്രകടനമെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
രണ്ട് വർഷം മുമ്പ് റോയൽ എൻഫീൽഡിൽ നിന്നുള്ള ഒരു ഇലക്ട്രിക് പ്രോട്ടോടൈപ്പിൻ്റെ ആദ്യ ചിത്രം ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, റോയൽ എൻഫീൽഡിന് അവരുടെ 350 സിസി, 450 സിസി, 650 സിസി പ്ലാറ്റ്‌ഫോമുകൾ അടിസ്ഥാനമാക്കി ഒന്നിലധികം പുതിയ വാഹനങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ലോകത്താകമാനം ഇലക്ട്രിക്ക് വണ്ടികളുടെ ഒരു പുതിയ തലമുറ തന്നെ വളർന്നു കൊണ്ടിരിക്കുകയാണ്. പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ ഇലക്ട്രിക്ക് വണ്ടികൾ ജനങ്ങളിലേക്ക് എത്തിച്ച് കഴിഞ്ഞിരിക്കുന്നു. വർധിച്ചു വരുന്ന ഇന്ധന ക്ഷാമത്തെ ചെറുക്കാൻ ഇലക്ട്രിക്ക് വണ്ടികൾക്ക് സാധിക്കുന്നതിനാൽ ഇത് ഭാവിയിലേക്കും സുസ്ഥിരമാണ്.
Add Comment