നവീൻ ബാബുവിന്റെ വേർപാടില്‍ വേദനയുണ്ടെന്നും പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരെ ഞാൻ നടത്തിയത് സദ്ദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ ഞാൻ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുളള പാർട്ടി നിലപാടിനെ ശരിവെക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെക്കുന്നുവെന്നും ദിവ്യ അറിയിച്ചു. സിപിഎം നടപടിയെടുത്തതിന് പിന്നാലെയാണ് ദിവ്യയുടെ പ്രതികരണം.
അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നടപടി. പൊതുവേദിയില്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റം ചുമത്തിയാണ് പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
Add Comment