യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തി.
ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ജയരാജനും മുന്‍ എം.എല്‍.എ: ടി.വി. രാജേഷും ഉള്‍പ്പടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരേ സി.ബി.ഐ സ്പെഷല്‍ കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.
പ്രതികള്‍ വിചാരണ കൂടാതെ കേസില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന് ആവശ്യപെട്ട് പി.ജയരാജനും ടി.വി രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കോടതി സെപ്റ്റംബര്‍ 19ന് തള്ളിയതിനെത്തുടര്‍ന്നാണ് ഇരുവരോടും വിചാരണയ്ക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
പി. ജയരാജനും ടി.വി രാജേഷും ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളും ഇന്നലെ സി.ബി.ഐ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായിരുന്നു. 33 പ്രതികളുള്ള കേസില്‍ രണ്ട് പേര് മരണപ്പെട്ടിരുന്നു. പി.ജയരാജനും, ടി.വി രാജേഷിനുമെതിരേ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കുറ്റപത്രം വായിച്ചത്. കുറ്റപത്രം വായിച്ച് കേട്ട എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.
തുടര്‍ന്ന് വിചാരണ ആരംഭിക്കാനുള്ള നടപടികള്‍ക്കായി കേസ് നവംബര്‍ 20ലേക്ക് മാറ്റി. കൊലപാതകം നടന്ന് 12 വര്‍ഷം കഴിഞ്ഞതിനാല്‍ കേസിലെ വിചാരണ അടിയന്തരമായി ആരംഭിക്കണമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന് അഡ്വ.മുഹമ്മദ് ഷാ കോടതിയില്‍ ആവശ്യപ്പെട്ടു.
Add Comment