ആളൂര്‍: രഞ്ജി ട്രോഫിയില്‍ സഞ്ജു സംസണിന്റെ ബാറ്റിംഗ് കാണാന്‍ കൊതിച്ചവര്‍ക്ക് നിരാശയാണുണ്ടായത്. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ 15 റണ്‍സുമായി സഞ്ജു ക്രീസില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. മത്സരം തുടരാന്‍ ഇതുവരെ സാധിച്ചില്ല. തകര്‍പ്പന്‍ ഫോമിലായിരുന്നു സഞ്ജു. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയെന്ന് പറയാം. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ആദ്യ നാല് പന്തുകളില്‍ റണ്‍സെടുക്കാതിരുന്ന സഞ്ജു അഞ്ചാം പന്തില്‍ ശ്രേയസ് ഗോപാലിനെതിരെ സിക്‌സ് നേടുകയായിരുന്നു. പിന്നീടുള്ള ഓവറില്‍ രണ്ട് ബൗണ്ടറി വീതവും സഞ്ജു നേടി.
മത്സരം മഴ തടസപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ ചെറിയ ഇന്നിംഗ്‌സ് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വരവാണിതെന്നാണ് പലരുടേയും അഭിപ്രായം. ഇപ്പോള്‍ കിട്ടിയ മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. റിഷഭ് പന്തിനൊപ്പം സഞ്ജു ടെസ്റ്റ് കളിക്കണമെന്നും ആരാധകര്‍ പറയുന്നു.
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ചുവന്ന പന്തുകളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്ന നിര്‍ദേശം ലഭിച്ചിരുന്നതായി സഞ്ജു പറഞ്ഞു. അന്ന് സഞ്ജു വിശദീകരിച്ചതിങ്ങനെ… ”ചുവന്ന പന്തുകളില്‍ കളിക്കണമെന്ന് എനിക്ക് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശമുണ്ടായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റ് മാത്രം കളിക്കുന്നതിന് അപ്പുറത്ത് ടെസ്റ്റും കൂടി കളിക്കാനാണ് എനിക്ക് താല്‍പര്യം. അത്തരത്തിലുള്ള പ്രകടനങ്ങള്‍ നടത്തണം. തീര്‍ച്ചയായും അവസരം വരുമെന്ന് കരുതുന്നു.” സഞ്ജു പറഞ്ഞു.
അതേസമയം, കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കേരളം മികച്ച സ്‌കോറിലേക്കാണ് നീങ്ങുന്നത്. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജുവിനൊപ്പം സച്ചിന്‍ ബേബി (23) ക്രീസിലുണ്ട്. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. 23 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്.
Add Comment