Kerala

പി പി ദിവ്യയെ പിന്തുണച്ച് ഡിവൈഎഫ്ഐ; നിലപാട് എതിർത്ത് സിപിഐഎം

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിന്തുണച്ച ഡിവൈഎഫ്ഐ നിലപാട് എതിർത്ത് സിപിഐഎം. പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നാണ് സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു വ്യക്തമാക്കിയത്. പി പി ദിവ്യയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്.

ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അത് അം​ഗീകരിക്കാൻ സാധിക്കില്ല. എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പാർട്ടി നിൽക്കുന്നത് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും ഉദയഭാനു കൂട്ടിച്ചേർത്തു. നവീൻ ബാബുവിന്റെ മരണത്തിൽ നേരത്തെ തന്നെ പി പി ദിവ്യക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിലപാടെടുത്തിരുന്നു. നവീൻ ബാബു വിഷയത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. ഈ നിലപാടിൻ്റെ ഭാഗമായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടി ചട്ടക്കൂട് എന്നത് ഒന്നേയുള്ളൂവെന്നും നവീൻ ബാബുവിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും പത്തനംതിട്ട ജില്ല കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

അതേസമയം പി പി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം സംഘടന നടപടി മതി എന്ന നിലപാടാണ് സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.

നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗൺസിൽ രംഗത്തെത്തിയിരുന്നു. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി. ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗൺസിൽ വിശദീകരിച്ചു. നവീൻ ബാബുവിനുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവരോട് ചോദിച്ചാൽ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തിൽ കണ്ണൂർ കളക്ടർ പ്രതികരിച്ചത്. പിന്നാലെയാണ് തങ്ങളുടെ ഭാഗം സ്റ്റാഫ് കൗൺസിൽ വിശദീകരിച്ചത്.