Politics

ഉപതിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് -സി കൃഷ്ണകുമാർ, ചേലക്കര- കെ ബാലകൃഷ്ണൻ, വയനാട് -നവ്യ ഹരിദാസ് എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ.

പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിൻറെ എതിരാളികൾ. നേരത്തെ പാലക്കാട് മണ്ഡലത്തിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെ സുരേന്ദ്രൻ, സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, സ്ഥാനാർഥിയാവാനില്ലെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മണ്ഡലത്തിൽ സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം രം​ഗത്തെത്തിയിരുന്നു. എന്നാൽ വയനാട് മണ്ഡലത്തിലേക്ക് ശോഭ സുരേന്ദ്രനെ പരി​ഗണിക്കാമെന്നും പാലക്കാട് പരി​ഗണിക്കേണ്ടതില്ലെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്.

മണ്ഡലം രൂപപ്പെട്ടിട്ട് 60 വർഷം തികയാനിരിക്കെ നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനാണ് ഇക്കുറി ചേലക്കര തയ്യാറെടുക്കുന്നത്. മാറി മാറി വരുന്ന ഭരണത്തിന്റെ ചരിത്രമുള്ള ചേലക്കരയിൽ വിജയിക്കുമെന്ന വിശ്വാസത്തിലാണ് കോൺ​ഗ്രസും സിപിഐഎമ്മും. ചേലക്കരയിൽ യു ആർ പ്രദീപ് ആണ് സിപിഐഎം സ്ഥാനാർത്ഥി. കോൺ​ഗ്രസിന്റെ രമ്യ ഹരിദാസാണ് എതിർസ്ഥാനത്ത്. കോൺ​​ഗ്രസ് തട്ടകമായ വയനാട് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് സിപിഐയുടെ സത്യൻ മൊകേരി. കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയാണ് എതിരാളി. തുടർച്ചയായി കോൺ​ഗ്രസ് വിജയിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് പാർട്ടി.