Local

ജീവനക്കാരിയുടെ മരണം; സൊസൈറ്റി പ്രസിഡൻ്റ് അറസ്റ്റിൽ

കണ്ണൂർ: സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഒളിവില്‍ കഴിയുകയായിരുന്ന മുൻ പ്രസിഡന്റ് അറസ്റ്റില്‍.

ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവില്‍പോയ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചർ വെല്‍ഫേർ സൊസൈറ്റി മുൻ പ്രസിഡന്റ് തെക്കുമ്ബാട്ടെ ടി.വി.രമേശനെയാണ്(59)പോലീസ് ബംഗളൂരുവില്‍ വച്ച്‌ പിടികൂടിയത്.

രമേശന്റെ പേരില്‍ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പൊലീസ് 2023 സപ്തംബർ 18 ന് കേസെടുത്തിരുന്നു. രമേശൻ സൊസൈറ്റി ജീവനക്കാരി കെ.വി.സീനയെ(42) ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതിചേർത്ത് കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്.

2023 ജൂലായ്31 ന് രാവിലെ 11.30 നാണ് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്റെ താഴത്തെ മുറിയില്‍ സീനയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഉച്ചക്ക് രണ്ടോടെ മരിക്കുകയായിരുന്നു.

ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയില്‍ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സീനയുടെ ബന്ധുക്കളേയും സഹപ്രവർത്തകരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. രമേശനാണ് തന്റെ മരണത്തിന് കാരണമെന്നും അയാളെ വിടരുതെന്നും കത്തില്‍ പരാമർശമുണ്ടായിരുന്നു. നിസാര കാര്യങ്ങളുടെ പേരില്‍ രമേശൻ സീനയെ സഹപ്രവർത്തകരുടെ മുന്നില്‍ വെച്ച്‌ അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായും ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സഹപ്രവർത്തകരോടും സീന ഇത് പങ്കുവെച്ചതായി അവർ പൊലീസിന് മൊഴിനല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ രമേശനെ റിമാൻഡ് ചെയ്തു.