പാലക്കാട്: തന്നെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യുഡിഎഫിന് മുന്നിൽ വെക്കുന്നത്. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പരിഹസിച്ചു. പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണം. ആർഎസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിർക്കണം. യുഡിഎഫ് നേതാക്കൾ ഇപ്പോഴും ചർച്ചകൾ നടത്തുന്നു. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പി. വി അൻവറിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ് നീക്കം. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നുമാണ് യുഡിഎഫ് അൻവറിനോട് ആവശ്യപ്പെട്ടത്. പിന്നാലെയാണ് അൻവർ ഉപാധി മുന്നോട്ട് വെച്ചത്.
Add Comment