India

ജമ്മു കശ്മീരിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ടവരിൽ ഒരു ഡോക്ടറും ഉൾപ്പെടുന്നുണ്ട്. ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിറിൽ നിർമാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു.

സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഉയർന്നേക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തൊഴിലാളികൾക്കും സ്വദേശികൾക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീന​ഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തൊഴിലാളികൾക്ക് നേരെ നടന്ന ആക്രമണം ഭീരുത്വത്തിന്റെ ലക്ഷണമാണ്. മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമികളെ കണ്ടെത്താൻ പൊലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശം സുരക്ഷാ സേനയാൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ജമ്മു കശ്മീർ പൊലീസിന്റെ എക്‌സ് പോസ്റ്റ് വ്യക്തമാക്കി.