Entertainment

റീ റിലീസിൽ 1000 ദിവസം തികച്ച് ചിമ്പു-തൃഷ കൂട്ടുകെട്ട് ചിത്രം

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത്‌ ചിമ്പു, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിണ്ണൈതാണ്ടി വരുവായ’ തിയേറ്ററിൽ 1000 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. റീ റിലീസിലാണ് സിനിമ തിയേറ്ററിൽ 1000 ദിവസം പൂർത്തിയാക്കിയിട്ടുള്ളത്.

ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആർ സിനിമാസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ഒരു ഷോ മാത്രമാണ് സിനിമക്കുള്ളത്. എല്ലാ ദിവസങ്ങളിലും വലിയ തിരക്കാണ് സിനിമക്ക് അനുഭവപ്പെടുന്നത്. റിലീസ് ചെയ്ത് 14 വർഷം കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് ചിത്രത്തോടുള്ള ഇഷ്ട്ടം കുറഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. റീ റിലീസുകൾ ട്രെൻഡിങ് ആകുന്ന ഈ കാലത്ത് ഒരു സിനിമ 1000 ദിവസം തികയ്ക്കുന്നത് ഒരു അപൂർവതയാണ്.

ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കുന്ന ചിത്രമാണ് ‘വിണ്ണൈതാണ്ടി വരുവായ’. തമിഴിൽ അന്ന് വരെ വന്നുകൊണ്ടിരുന്ന സ്റ്റൈലിൽ നിന്നുമാറി പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എ ആർ റഹ്മാൻ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഹോസാന, ഓമന പെണ്ണെ, മന്നിപ്പായ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്.

നടൻ ചിലമ്പരശന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ സിനിമയിലെ കാർത്തിക് എന്ന കഥാപാത്രം. കരിയറിൽ അതുവരെ ചെയ്തുകൊണ്ടിരുന്ന ആക്ഷൻ കൊമേർഷ്യൽ സിനിമകളിൽ നിന്നുമാറി ഒരു സാധാരണ മിഡിൽ ക്ലാസ് ചെറുപ്പക്കാരനായി ചിമ്പു സ്‌ക്രീനിലെത്തിയപ്പോൾ വലിയ കൈയ്യടികളാണ് ലഭിച്ചത്.

തൃഷയുടെ ജെസ്സി എന്ന കഥാപാത്രവും തമിഴ് സിനിമയിലെ ഐകോണിക്ക് സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ്. എസ്‌കേപ്പ് ആർട്ടിസ്‌റ്റ്‌സ് മോഷൻ പിക്‌ചേഴ്‌സിൻ്റെയും ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെയും ബാനറിൽ എൽറെഡ് കുമാർ, ജയരാമൻ, വിടിവി ഗണേഷ്, പി.മദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്തത് ആൻ്റണി ഗോൺസാൽവസ് ആയിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment