Politics

പാലക്കാട് ബിജെപിയിൽ ഭിന്നത, മണ്ഡലം കമ്മിറ്റി യോ​ഗം ശോഭ പക്ഷം ബഹിഷ്കരിച്ചു

പാലക്കാട്: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപിയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. ഇതോടെ 70 ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് വന്നത് 21 പേർ മാത്രം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം.

നേരത്തെ ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പാലക്കാട് നഗരസഭയ്ക്ക് മുമ്പിൽ സ്ഥാപിച്ച ഫ്ലക്സാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശോഭ സുരേന്ദ്രനെ പാലക്കാട്ടേക്ക് സ്വാഗതം ആശംസിച്ച് ഒരു വിഭാഗം ബിജെപി പ്രവർത്തകർ സ്ഥാപിച്ചതായിരുന്നു ഫ്ലക്സ്. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞപ്പോൾ പാർട്ടി ശോഭയെ തഴയുകയായിരുന്നു.

ഫ്ലക്സ് കത്തിക്കൽ കൂടി ചർച്ചയായതോടെ പാർട്ടിയിൽ ഭിന്നതയില്ലെന്നും സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും ചൂണ്ടിക്കാട്ടി പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ നിയമ നടപടി തുടരുമെന്നും പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എതിർ മുന്നണികളാണ് നടപടിക്ക് പിന്നിലെന്നും കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച സംഭവം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തന്ത്രമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. രണ്ടാഴ്ചയായി ഫ്ലക്സ് ബോർഡ് അവിടെ ഇരിക്കുന്നു. ഇന്നത് കത്തിച്ച് വാർത്തയാക്കുന്നു. അവസാനം എടുക്കേണ്ട ആയുധങ്ങൾ 21 ദിവസം മുൻപ് എടുക്കുകയാണ് എൽഡിഎഫും യുഡിഎഫുമെന്നും അദ്ദേഹം പറഞ്ഞു.