ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കും.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും മറുപടിയുമായി സിദ്ദിഖും സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്നലെ അന്വേഷണ സംഘവും സര്‍ക്കാര്‍ അഭിഭാഷകരും തമ്മില്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തി.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും പൊലീസ് തന്നെയും കുടുംബത്തെയും രഹസ്യമായി നിരീക്ഷിക്കുന്നുവെന്നുമാണ് സിദ്ദിഖിന്റെ വിശദീകരണം. ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസിലെ പരാതിക്കാരിയും നിലപാടറിയിക്കും.
Add Comment