ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു. 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രിയുടെ യാത്ര. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പുടിൻ ഒരുക്കുന്ന അത്താഴ വിരുന്നിൽ ഇന്ന് പങ്കെടുക്കും. ചൈീസ് പ്രസിഡൻറ് ഷി ജിൻപിങുമായും ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ.
മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും. ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സഹകരണം, വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. കസാൻ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും.
കസാനിൽ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ് ഉച്ചകോടി നടക്കുക. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിർത്തിയിൽ പട്രോളിങ് നടത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
Add Comment