Kerala

കല്ലടിക്കോട്ടെ അഞ്ച് യുവാക്കളുടെ മരണം നാടിനെ നടുക്കി, ഇന്ന് ഉച്ചവരെ ഇലക്ഷൻ പ്രചരണമില്ല

പ്രദേശത്തെ ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞാണ്, അപകടസ്ഥലത്ത് ഞങ്ങള്‍ എത്തിയത്. ആദ്യം അപകടം കണ്ടപ്പോള്‍ വലിയ ഞെട്ടലാണുണ്ടായത്.

കുറച്ചുപേർ തടിച്ചുകൂടി നില്‍ക്കുന്നുണ്ട്. പക്ഷേ, എല്ലാവരും നടുങ്ങിനില്‍പ്പാണ്. കാറിലുള്ളവരെ എങ്ങനെ പുറത്തെടുക്കുമെന്ന് അറിയില്ല…’ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ ഗഫൂറിനും മുഹമ്മദാലിക്കും ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിച്ചശേഷം സ്വമേധയാ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുപ്പിലായിരുന്നു നാട്ടുകാർ.

പരിക്കേറ്റവരെ വാഹനത്തില്‍നിന്ന് പുറത്തെടുത്ത് ആംബുലൻസില്‍ കയറ്റി അയച്ചു. അവസാനം പുറത്തെടുത്തയാളെ പോലീസിന്റെ വാഹനത്തിലാണ് ജില്ലാശുപത്രിയിലേക്ക് എത്തിച്ചതെന്ന് ഗഫൂർ പറഞ്ഞു. മുഹമ്മദാലിയും ഗഫൂറും അടക്കമുള്ള നാട്ടുകാർ പലരും ജില്ലാശുപത്രിയില്‍ എത്തിയിരുന്നു. അപ്പോഴേക്കും നാലുപേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അവസാനം ആശുപത്രിയില്‍ എത്തിച്ചയാളും മരണത്തിന് കീഴടങ്ങി.

മൂന്നുപേരെ തിരിച്ചറിഞ്ഞത് രാത്രി ഒരു മണിയോടെ

വാഹനാപകടത്തില്‍, കാറിലുണ്ടായിരുന്നവരെല്ലാം മരിച്ചതോടെ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ പോലീസും ആശുപത്രി അധികൃതരും പാടുപെട്ടു. ഒരാളുടെ ലൈസൻസ് കിട്ടിയെങ്കിലും ആ പേരിലുള്ളയാള്‍ തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനായില്ല. 11.45-ഓടെയാണ് മരിച്ചതിലൊരാള്‍ വിജീഷാണെന്ന് വിവരം കിട്ടിയത്.

കെ. ശാന്തകുമാരി എം.എല്‍.എ.യും ജില്ലാ ആശുപത്രിയിലെത്തി. ഇതിനിടെ പോലീസും ദ്രുതഗതിയില്‍ അന്വേഷണം തുടങ്ങി. ഒടുവില്‍ രാത്രി ഒരു മണിയോടെയാണ് മരിച്ചവരില്‍ മൂന്നുപേരുടെ പേരും വിവരങ്ങളും അറിയാനായത്. ശേഷിക്കുന്ന രണ്ടുപേരെ തിരിച്ചറിയാൻ രാത്രി വൈകിയും ശ്രമം തുടർന്നു.

ആശുപത്രിയിലേക്ക് ഓടിയെത്തി ജനപ്രതിനിധികളും

കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം അപകടമുണ്ടായതിനുപിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ഓടിയെത്തി ജനപ്രതിനിധികളും. യു.ഡി.എഫ്. സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍.ഡി.എഫ്. സ്ഥാനാർഥി ഡോ. പി. സരിൻ, എം.പി.മാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്ബില്‍, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ, പി. വേണുഗോപാല്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് ആർ. ജയദേവൻ തുടങ്ങിയവരും കെ. ശാന്തകുമാരി എം.എല്‍.എ.യും സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച ആംബുലൻസിന്റെ ഡ്രൈവർമാരോട് വിവരങ്ങള്‍ ചോദിച്ച്‌ ജനപ്രതിനിധികള്‍ സ്ഥലത്തുതന്നെ നിന്നു.

മരണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചവരെ ഇലക്ഷൻ പ്രചരണം നിർത്തിവെക്കാൻ പാർട്ടികൾ തീരുമാനിച്ചു.