India

50 പൈസ നൽകാത്ത തപാൽ ഓഫിസിന് 15000 രൂപ പിഴ

50 പൈസ തിരികെ കൊടുക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാൻ പോസ്റ്റ് ഓഫിസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

തമിഴ്നാട്ടിലെ ഗെരുഗംപാക്കത്താണ് സംഭവം. കഴിഞ്ഞ വർഷം ഡിസംബർ മൂന്നിന് ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊളിച്ചാലൂർ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റർ ചെയ്ത കത്ത് അയക്കാൻ എത്തിയപ്പോഴായിരുന്നു തർക്കമുണ്ടായത്. നിശ്ചിത സ്ഥലത്തേക്കുള്ള തപാല്‍ ഫീസ് 29.50 രൂപ ആയതിനാല്‍ ക്ലർക്ക് 50 പൈസ തിരികെ നല്‍കുമെന്ന് പ്രതീക്ഷിച്ച്‌ അയാള്‍ കൗണ്ടറില്‍ 30 രൂപ നല്‍കി.

ബാക്കി തുക തിരികെ നല്‍കണമെന്ന് മാനഷ നിർബന്ധിച്ചപ്പോള്‍, സിസ്റ്റം ഓട്ടോമാറ്റിക്കായി തുക 30 രൂപയാക്കി മാറ്റിയെന്ന് അറിയിച്ചു. തുടർന്ന് യുപിഐ വഴി കൃത്യമായ തുക നല്‍കാമെന്ന് മനഷ വാഗ്ദാനം ചെയ്തു. എന്നാല്‍, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി പോസ്റ്റ് ഓഫീസ് ഇത് നിരസിച്ചു. തുടർന്നാണ് കോടതിയെ സമീപിച്ചത്.

പോസ്റ്റ് ഓഫിസിന്റെ പണം റൗണ്ടാക്കുന്ന സമ്ബ്രദായം പണം തട്ടിയെടുക്കുന്നതിനും കള്ളപ്പണത്തിനും സർക്കാരിന് ജിഎസ്ടി വരുമാനം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു നല്‍കിയ പരാതിയില്‍ മാനഷ ചൂണ്ടിക്കാട്ടി . 50 പൈസയില്‍ താഴെയുള്ള തുകകള്‍ അവഗണിച്ച്‌ അടുത്തുള്ള രൂപയിലേക്ക് റൗണ്ട് ഓഫ് ചെയ്യാൻ സോഫ്റ്റ്‍വെയർ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് വാദിച്ചു.

2023 നവംബർ മുതല്‍ ‘പേ യു’ ക്യുആർ ഡിജിറ്റല്‍ പേയ്‌മെൻ്റ് മോഡ് തകരാറിലായെന്നും 2024 മെയ് മാസത്തില്‍ അത് നിർത്തലാക്കിയെന്നും പോസ്റ്റ് ഓഫീസ് വിശദീകരിച്ചു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ്റെ 2(47) വകുപ്പിന് കീഴിലുള്ള അന്യായമായ വ്യാപാര സമ്ബ്രദായത്തിന് കാരണമായ സോഫ്റ്റ്‌വെയർ തകരാർ കാരണം അമിത നിരക്ക് ഈടാക്കാൻ പോസ്റ്റ് ഓഫിസിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് 15000 രൂപ പിഴ നല്‍കാൻ ഉത്തരവിട്ടത്.