World India

യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം: മോദി പുടിൻ കൂടിക്കാഴ്ച നടത്തി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച

റഷ്യ-യുക്രൈൻ യുദ്ധത്തിന് സമാധാനപരമായി പരിഹാരമുണ്ടാകണമെന്ന് കൂടിക്കാഴ്ചക്കിടയില്‍ മോദി പുടിനോട് ആവശ്യപ്പെട്ടു.

സമാധാനവും സ്ഥിരതയും എത്രയും വേഗം സ്ഥാപിക്കണമെന്നും അതിന് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മോദി പറഞ്ഞു. സമാധാനത്തിനായി എന്തു പങ്കുവഹിക്കുന്നതിനും ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പുടിനോട് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.

റഷ്യൻ പ്രസിഡന്റ് പുടിനുമയി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാനമന്ത്രി ചിത്രങ്ങളും പങ്കുവച്ചിരുന്നു. ‘റഷ്യൻ പ്രസിഡന്റുമായി മികച്ച രീതിയില്‍ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ആഴത്തില്‍ വേരൂന്നിയതാണ്. ഉഭയകക്ഷി പങ്കാളിത്തത്തിന് എങ്ങനെ കൂടുതല്‍ ഊർജം പകരാം എന്നതിനെക്കുറിച്ചായിരുന്നു ഞങ്ങള്‍ കൂടുതലായി ചർച്ച ചെയ്തത്.’- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ വർഷത്തെ രണ്ടാമത്തെ റഷ്യൻ സന്ദർശനമാണിത്. ജൂലൈയില്‍ മോദി റഷ്യയില്‍ എത്തുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയെ കുറിച്ചും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച രാവിലെയോടെയാണ് നരേന്ദ്ര മോദി റഷ്യയിലെത്തിയത്. രണ്ട് ദിവസമാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. റഷ്യയിലെ കസാനില്‍ നടക്കുന്ന ഉച്ചകോടിയില്‍ റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സില്‍വ, ദക്ഷിണാഫ്രിക്കൻ പ്രസിഡൻ‍റ് സിറില്‍ റമഫോസ എന്നിവരും പങ്കെടുത്തിരുന്നു.

ആഗോള വികസന അജണ്ട, ബഹുരാഷ്ട്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്ബത്തിക സഹകരണം, വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയില്‍ ചർച്ചയാകുന്നത്. 2022 ഫെബ്രുവരിയിലാണ് യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചത്.