India

ബംഗളുരുവിൽ കനത്ത മഴ, കെട്ടിടം തകർന്നു

ബെംഗളൂരു നഗരത്തില്‍ ദുരിതം വിതച്ച്‌ കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് അഞ്ചുപേർ മരിച്ചു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകള്‍. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയെത്തി തിരച്ചില്‍ തുടരുകയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു.

കനത്തമഴ തുടരുന്നത് ജനജീവിതത്തെ സാരമായിബാധിച്ചു. തിങ്കളാഴ്ചയും ചെവ്വാഴ്ചയും ശക്തമായ മഴ അനുഭവപ്പെട്ടു. ദേവനഹള്ളി, കോറമംഗല, സഹകർനഗർ, യെലഹങ്ക, ഹെബ്ബാള്‍, എച്ച്‌.എസ്.ആർ. ലേഔട്ട്, ബി.ഇ.എല്‍. റോഡ്, ആർ.ആർ. നഗർ, വസന്തനഗർ തുടങ്ങിയ ഭാഗങ്ങളില്‍ മഴ അതിരൂക്ഷമായിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച 105 മില്ലിമീറ്റർ മഴ പെയ്തു. എച്ച്‌.എ.എല്‍. വിമാനത്താവളത്തില്‍ 42.3 മില്ലിമീറ്റർ മഴ ലഭിച്ചു.

പ്രയെലഹങ്ക കേന്ദ്രീയ വിഹാർ അപ്പാർട്ട്മെന്റ് പരിസരംമുഴുവൻ വെള്ളത്തിലായി. ഈ മാസം മൂന്നാംതവണയാണ് ഇവിടെ വെള്ളംപൊങ്ങുന്നത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാജീവനക്കാർ അപ്പാർട്ട്മെന്റിലുള്ളവരെ റാഫ്റ്റുകളിലാണ് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്. എല്ലാവരോടും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ബെംഗളൂരുവിലെ പല അപ്പാർട്ട്മെന്റുകളിലും നിർത്തിയിട്ട വാഹനങ്ങള്‍ വെള്ളത്തിലായി. അല്ലലസാന്ദ്ര തടാകവും ദൊഡ്ഡബൊമ്മ സാന്ദ്ര തടാകവും കരകവിഞ്ഞു.

കൊഗിലു ക്രോസിന് സമീപം പൂർണമായി വെള്ളത്തില്‍മുങ്ങി. ജുഡീഷ്യല്‍ ലേഔട്ടിന് സമീപം ജി.കെ.വി.കെ. സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് കൊഡിഗെഹള്ളിയിലെ അപ്പാർട്ട്മെന്റ് പരിസരത്ത് വെള്ളം കയറി. ഓസ്റ്റിൻ ടൗണ്‍, എം.എസ്. പാളയ, ടെലികോം ലേഔട്ട്, ബസവ സമിതി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറോളം വീടുകളില്‍ വെള്ളംകയറി. 2022-ലെ മഴയത്ത് വെള്ളപ്പൊക്കമുണ്ടായ ബെംഗളൂരു സൗത്തിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് ഒരിക്കല്‍ക്കൂടി വെള്ളത്തിലായി.

ബസ്സുകളും ലോറികളും വെള്ളത്തില്‍ കുടുങ്ങിപ്പോയി. ബെലന്ദൂരിലെ ടെക് പാർക്കുകളിലും എക്കോസ്പെയ്സിലും വെള്ളംപൊങ്ങി. റോഡുകളില്‍ വെള്ളം പൊങ്ങിയതിനെത്തുടർന്ന് മൈസൂരു റോഡ്, ഹെബ്ബാള്‍ ജങ്ഷൻ, സാറ്റലൈറ്റ് ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹന ഗതാഗതംസ്തംഭിച്ചു. വെള്ളംകയറിയതിനെത്തുടർന്ന് സഹകർനഗർ, തിണ്ട്ലു, ഭൂപസാന്ദ്ര എന്നിവിടങ്ങളിലെ അടിപ്പാതകള്‍ ട്രാഫിക് പോലീസ് അടച്ചു.

ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് നിർത്തിയിട്ട വാഹനങ്ങള്‍തകർന്നു. റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷർ ഗിരിനാഥ് എന്നിവർ ടാറ്റാ നഗർ, ബാലാജി ലേഔട്ട്, ഭദ്രപ്പ ലേഔട്ട്, വിദ്യാരണ്യപുര എന്നിവിടങ്ങളില്‍ മഴക്കെടുതി ബാധിച്ച സ്ഥലങ്ങള്‍സന്ദർശിച്ചു.

സ്കൂളുകള്‍ക്ക് അവധി

മഴ തുടരുന്നതിനാല്‍ ബുധനാഴ്ച ബെംഗളൂരുവിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകള്‍ പ്രവർത്തിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മിഷണർ ജി. ജഗദീശ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

മഴകാരണം തിങ്കളാഴ്ചയും ബെംഗളൂരുവില്‍ സ്കൂളുകള്‍ക്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവധിപ്രഖ്യാപിച്ചത് എന്നതിനാല്‍ വിവരമറിയാതെ ഒട്ടേറെകുട്ടികള്‍ സ്കൂളില്‍ പോയി. ചൊവ്വാഴ്ച സ്കൂളുകള്‍ക്ക് അവധി അനുവദിച്ചിരുന്നില്ല. രണ്ടുദിവസംകൂടി ബെംഗളൂരുവില്‍ മഴതുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇരുപതിലേറെ വിമാനങ്ങള്‍ വൈകി

തിങ്കളാഴ്ച രാത്രി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുപതിലേറെ വിമാനങ്ങള്‍ മഴകാരണം വൈകി. അഞ്ചു വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍നിന്നുള്ള എയർ ഇന്ത്യ വിമാനവും ഡല്‍ഹി, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള ഇൻഡിഗോ വിമാനവും തായ്ലാൻഡില്‍നിന്നുള്ള തായ് ലയണ്‍ എയർ വിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.