Kerala

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഗീതയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫയല്‍ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നോ നാളെയോ റവന്യൂ മന്ത്രിക്ക് കൈമാറും.

നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കണ്ണൂര്‍ ജില്ലാ അധ്യക്ഷയായ പി പി ദിവ്യ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.

അതേസമയം പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതിയില്‍ വാദം നടക്കുകയാണ്. പൊലീസ് റിപ്പോര്‍ട്ട് ദിവ്യക്കെതിരാണ്. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താന്‍ കഴിയുന്ന തെളിവുകളില്ലെങ്കിലും യാത്രയയപ്പ് യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ രേഖകളും നിര്‍ണായകമാണ്. ഇതിലെ വിവരങ്ങള്‍ കൂടി ഉള്‍ചേര്‍ന്ന റിപ്പോര്‍ട്ടാണ് പോലീസ് തയ്യാറാക്കിയത്. പി.പി.ദിവ്യയ്ക്ക് ജാമ്യം നിഷേധിക്കുകയാണെങ്കില്‍ പൊലീസിന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും. നവീന്‍ ബാബുവിന്റെ കുടുംബവും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.